തലവേദന മാറ്റാന്‍ ആള്‍ദൈവം തലയ്ക്കടിച്ച സ്ത്രീ മരിച്ചു; കൊലപാതകത്തിന് കേസെടുത്തു

ബെംഗളൂരു: തലവേദന മാറ്റാന്‍ ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെത്തുടര്‍ന്ന് സ്ത്രീ മരിച്ചു. ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമവാസി മനു(42)വിനെതിരേ ശ്രാവണബെലഗോള പോലീസ് കൊലപാതകത്തിന് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പാര്‍വതിയുടെ മകള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പാര്‍വതിയും ഭര്‍ത്താവ് ജയന്തും മകള്‍ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ രണ്ടുമാസമായി പാര്‍വതിക്ക് തുടര്‍ച്ചയായി തലവേദനയുണ്ടായിരുന്നു. മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കുഴപ്പങ്ങളുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞില്ല. വേദന തുടരുന്നതിനാല്‍ പാര്‍വതിയുടെ ബന്ധുവായ മഞ്ജുളയാണ് ബെക്ക ഗ്രാമത്തില്‍ തലവേദന മാറ്റുന്ന ആള്‍ദൈവമുണ്ടെന്ന് അറിയിച്ചത്.

തുടര്‍ന്ന് പാര്‍വതി ബെക്ക ഗ്രാമത്തിലെത്തി മനുവിനെ കണ്ടു. ആദ്യദിവസം നാരങ്ങ കൊടുത്തിട്ട് അടുത്തദിവസം വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും സുഹൃത്തുക്കളും ചികിത്സയ്‌ക്കെത്തി. തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാര്‍വതിയുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിച്ചു. തുടര്‍ന്ന് കുഴഞ്ഞുവീണ പാര്‍വതിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Share news
error: Content is protected !!
Scroll to Top