Section

malabari-logo-mobile

പെരുവണ്ണാമൂഴിയില്‍ അനുബന്ധ അണക്കെട്ട് നിര്‍മാണത്തിന് 29.13 കോടി

HIGHLIGHTS : 29.13 crore for construction of ancillary dam at Peruvannamoozhi

പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി അണക്കെട്ടിന് അനുബന്ധ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള 29.13 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. മഹാരാഷ്ട്ര ആ സ്ഥാനമായുള്ള ബാലാജി കണ്‍സ്ട്രക്ഷനാണ് പ്രവൃത്തി ഏറ്റെടുത്തത്.

പ്രഥമഘട്ടത്തില്‍ പെരുവണ്ണാമൂഴി അണക്കെട്ട് ജലസേചനത്തിന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് കോഴിക്കോട് നഗരത്തിലുംമറ്റും കുടിവെള്ളം വിതരണം ചെയ്യുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി ഉള്‍പ്പെടെ ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളും ചെറുകിട വൈദ്യുതി ഉല്‍പ്പാദന പദ്ധതിയും അണക്കെട്ട് റിസര്‍വോയറിലെ ജലത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

sameeksha-malabarinews

ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി 108.78 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് റിസര്‍വോയര്‍. 60 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ പാര്‍ശ്വഭാഗങ്ങളില്‍ ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭരണശഷിയില്‍ കുറവുവരുത്തിയിരുന്നു. അണക്കെട്ട് ബലപ്പെടുത്തി പൂര്‍ണ സംഭരണശേഷി കൈവരിക്കുന്നതിന് കേന്ദ്ര ജലകമീഷന്റെ നിര്‍ദേശപ്രകാരം ഒന്നാം പിണറായി സര്‍ക്കാരാണ് അനുബന്ധ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള നടപടി ആരംഭിച്ചത്.

അടങ്കല്‍ തുകയുടെ 70 ശതമാനം ലോക ബാങ്കിന്റെ ധനസഹായവും 30 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് മുടക്കുന്നത്. കേന്ദ്ര ജലകമീഷന്റെ ഡ്രിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടപ്പാക്കുന്നത്. ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് ബോര്‍ഡ് (ഐഡിആര്‍ബി) ആണ് ഡിസൈന്‍ തയ്യാറാക്കിയത്. നിലവിലുള്ള അണക്കെട്ടിന് താഴെ 39.65 മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് അണക്കെട്ടാണ് നിര്‍മിക്കുന്നത്. മൂന്ന് വര്‍ഷത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!