വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു: പ്രസവമെടുത്തത് ഭര്‍ത്താവും മകനും ചേര്‍ന്ന്

കൊല്ലം: ചടയമംഗലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി ശാലിനിയും ഇവരുടെ നവജാത ശിശുവുമാണ് പ്രസവത്തിനിടെ സ്വന്തം വീട്ടില്‍ വച്ച് മരിച്ചത്. ഇന്നലെ അര്‍ധരാത്രി ഒരു മണിയോട് കൂടിയായിരുന്നു സംഭവം. ശാലിനിയുടെ ഭര്‍ത്താവും മറ്റൊരു മകനും കൂടി ചേര്‍ന്നാണ് പ്രസവമെടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രിയോടെ ശാലിനിക്ക് പ്രസവവേദന തുടങ്ങിയെങ്കിലും ഇവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവോ മകനോ തയ്യാറായില്ലെന്നും ഇരുവരും ചേര്‍ന്ന് ശാലിനിയുടെ പ്രസവമെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇന്ന് രാവിലെ വിവരമറിഞ്ഞതോടെ നാട്ടുകാരാണ് പൊലീസിനേയും ആരോഗ്യവകുപ്പിനേയും വിവരങ്ങള്‍ അറിയിച്ചത്. നേരത്തേയും ശാലിനി വീട്ടില്‍വച്ച് പ്രസവിച്ചിരുന്നുവെന്നും കുട്ടികള്‍ മരണപ്പെട്ടെന്നുമുള്ള സൂചനയും ഇപ്പോള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

Share news
error: Content is protected !!
Scroll to Top