Section

malabari-logo-mobile

നാല് വര്‍ഷ ബിരുദ കോഴ്‌സ് യാഥാര്‍ഥ്യമാകുന്നതോടെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളുടെ മുഖച്ഛായ മാറും; മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : With the four-year degree course becoming a reality, the face of Arts and Science colleges will change; Chief Minister Pinarayi Vijayan

കോഴിക്കോട്:ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉപരിപ്ലവമായ പരിഷ്‌ക്കാരമല്ല കാലാനുസൃതമായ ഉടച്ചുവാര്‍ക്കല്‍ ആണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘അടുത്ത കൊല്ലം നാല് വര്‍ഷ ബിരുദ കോഴ്‌സ് നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളുടെ മുഖച്ഛായ തന്നെ മാറും. കലാ-കായിക രംഗത്തെ നേട്ടങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റ് ലഭിക്കും വിധമാണ് കോഴ്‌സ് പരിഷ്‌കാരം. ഈ നേട്ടങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കും ലഭിക്കും. പൂര്‍ണമായും വിദ്യാര്‍ത്ഥി കേന്ദ്രീകൃത മാറ്റമാണ് നടപ്പാക്കുന്നത്,’ നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

‘കഴിഞ്ഞ മൂന്ന് വര്‍ഷമായി വലിയ തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഗവേഷണ മേഖലയില്‍ ചെലവഴിക്കുന്നത്. 176 പേര്‍ക്കാണ് മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് ലഭിച്ചത്. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് പുറമെയാണിത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇത്രയധികം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതികള്‍ മറ്റൊരു സംസ്ഥാനത്തുമില്ല. ഗവേഷണ മേഖലയില്‍ മുടക്കുന്ന പണം ചെലവായിട്ടല്ല, ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കാണുന്നത്,’ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

sameeksha-malabarinews

എന്നാല്‍ ഗവേഷണ മേഖലയില്‍ ലോകനിലവാരത്തില്‍ എത്താന്‍ കേരളത്തിന് കഴിയാത്തതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

‘നൊബേല്‍ ജേതാക്കളുടെ ഗവേഷണ സംഘത്തില്‍ പോലും മലയാളികള്‍ ഉണ്ട്. എന്നാല്‍ ഗവേഷണ മേഖലയില്‍ ലോകനിലവാരത്തില്‍ എത്താന്‍ സംസ്ഥാനത്തിന് സാധിക്കുന്നില്ല. ഇന്‍-ഹൗസ് എക്‌സലന്‍സ് നമുക്ക് സാധ്യമാകുന്നില്ല. ഇതേക്കുറിച്ച് ഗൗരവമായി ചിന്തിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കണം’.

ഗവേഷണ മേഖലയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാര്‍ കുറവാണെന്നും അത് പോരെന്നും പറഞ്ഞ മുഖ്യമന്ത്രി ബയോമെഡിക്കല്‍ ഗവേഷണം ത്വരിതപെടുത്താന്‍ ആവശ്യപ്പെട്ടു. ‘മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയുടെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ ഡോക്ടര്‍മാര്‍ ഗവേഷണത്തിന് വരണം. അത് വലിയ മാറ്റമുണ്ടാക്കും. മെഡിക്കല്‍ കോളേജുകളില്‍ ബയോമെഡിക്കല്‍ ഗവേഷണത്തിനുള്ള എക്കോ സിസ്റ്റം രൂപീകരിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു,’ അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന കാലത്തേക്ക് കേരളത്തെ സജ്ജമാക്കുക എന്ന ഉദ്ദേശ്യത്തിലൂന്നിയുള്ള ഇടപെടല്‍ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്നത്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടര വര്‍ഷം കൊണ്ട് ബിരുദം നേടാന്‍ കഴിയുന്ന ഏണ്‍ എ സെമെസ്റ്റര്‍, താല്പര്യമുള്ളവര്‍ക്ക് ഒരു സെമെസ്റ്റര്‍ മുഴുവന്‍ ഇന്റേണ്‍ഷിപ്, പഠനത്തിനിടയില്‍ ഇടവേള, കോഴ്‌സിനിടെ കോളജോ സര്‍വകലാശാലയോ മാറാനുള്ള അവസരം എന്നിവയെല്ലാം സാധ്യമാക്കുന്ന കെ-റീപ് (കേരള റിസോഴ്സ്സ് ഫോര്‍ എജുക്കേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ & പ്ലാനിംഗ്) സംവിധാനം ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ‘വിദ്യാഭ്യാസ ഇടപെടല്‍ ആയാസകരമാക്കാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ് കെ-റീപ് സോഫ്റ്റ്വെയര്‍,’ മുഖ്യമന്ത്രി വിശദമാക്കി. പുതിയ സംവിധാനം വന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലകളില്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുമെന്നും ഇതിനായി നിയമവും ചട്ടവും പരിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രാപ്യത, തുല്യത എന്നിവയില്‍ രാജ്യത്തിനു മാതൃകയായ കേരളം പക്ഷെ ഈ നേട്ടങ്ങളില്‍ മാത്രം സംതൃപ്തമല്ല. സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹബ്ബ് ആയി തിരിച്ചറിയണം.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോയില്‍ 10 % നേട്ടമുണ്ടാക്കിയ കേരളത്തിന്റെ ഗേള്‍സ് എന്റോള്‍മെന്റ് റേഷ്യോ 50% ആണ്. എന്നാല്‍ മികവിന്റെയും ഗുണമേന്മയുടെയും കാര്യത്തില്‍ ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

അറിവ് നേടിയാല്‍ പോര അറിവിന്റെ രാഷ്ട്രീയം മനസിലാക്കണമെന്ന് വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി തിരുവനന്തപുരം എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ രൂപകല്‍പ്പന ചെയ്ത ‘വീസാറ്റ്’ സാറ്റലൈറ്റ്, തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച സാനിറ്റയ്‌സര്‍ കുഞ്ഞപ്പന്‍-2 റോബോട്ട്, പാലക്കാട്ടെ എന്‍.എസ്.എസ് കോളേജ് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച തേങ്ങ ചിരകുന്ന യന്ത്രം എന്നിവ ഉന്നത വിദ്യാഭ്യാസമേഖലയിലെ ആശയങ്ങള്‍ വ്യാവസായിക ഉല്‍പ്പന്നങ്ങളായി മാറുന്നതിന്റെ മികച്ച ഉദാഹരണങ്ങളായി എടുത്തുകാട്ടി.

അടിസ്ഥാന ശാസ്ത്രബോധവും മാനവിക ബോധവുമുള്ള വിദ്യാര്‍ത്ഥിക്കേ നവകേരളം സൃഷ്ടിക്കാനാവുകയുള്ളൂ എന്ന് ചൂണ്ടികാട്ടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖമുഖത്തില്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ തികച്ചും ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കി.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, എളമരം കരീം എം.പി, എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, വൈസ് ചാന്‍സലര്‍മാരായ പ്രൊഫ എം കെ ജയരാജ്, പ്രൊഫ സജി ഗോപിനാഥ്, പ്രൊഫ എം വി നാരായണന്‍, പ്രൊഫ പി ജി ശങ്കരന്‍, പി എം മുബാറക് പാഷ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ ജിജു പി അലക്‌സ്, സംസ്ഥാന വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍ ഡോ ജെ പ്രസാദ്, പ്രൊഫ കെ ഫാത്തിമത്ത് സുഹ്റ, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ സുധീര്‍, ഡോ എം എസ് രാജശ്രീ എന്നിവര്‍ പങ്കെടുത്തു.

ചീഫ് സെക്രട്ടറി ഡോ വി വേണു സ്വാഗതവും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!