Section

malabari-logo-mobile

തീരദേശ ഹൈവേ പൂർത്തിയാകുന്നതോടെ തീരത്തിന്റെ സമഗ്ര വികസനം യാഥാർത്ഥ്യമാകും: മന്ത്രി സജി ചെറിയാൻ

HIGHLIGHTS : With the completion of the coastal highway, comprehensive development of the coast will become a reality: Minister Saji Cherian

കൊയിലാണ്ടി:സംസ്ഥാനത്ത് തീരദേശ ഹൈവേ പൂർത്തിയാവുന്നതോടെ തീരത്തിന്റെ സമഗ്രമായ വികസനം യാഥാർത്ഥ്യമാകുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ. കൊയിലാണ്ടി വലിയതോട് ഹാർബർ റോഡിന്റെയും ട്രാഫിക് പോലീസ് സ്റ്റേഷൻ ബീച്ച് റോഡിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ഏഴര വർഷക്കാലമായി സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്ന റോഡ് വികസന പദ്ധതികളിലൂടെ  സംസ്ഥാനത്തെ മത്സ്യ മേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിന് വലിയതോതിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു. 2021ൽ സർക്കാർ അധികാരത്തിൽ വന്നശേഷം തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 458 റോഡുകൾക്ക് 251കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി. ഇതിൽ 192 റോഡുകൾ പൂർത്തീകരിക്കുകയും 142 റോഡുകളുടെ പ്രവൃത്തി പൂർത്തീകരണ ഘട്ടത്തിലുമാണെന്ന് മന്ത്രി പറഞ്ഞു.

sameeksha-malabarinews

ചെല്ലാനത്ത് 22 കിലോമീറ്റർ ദൈർഘ്യത്തിൽ  തീരസംരക്ഷണം സാധ്യമാക്കുക വഴി വർഷങ്ങളായുള്ള തീരദേശ നിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു. തീര സംരക്ഷണത്തിന് വരുന്ന അധിക ചെലവ് മനസ്സിലാക്കി നൂതന ആശയങ്ങൾ ഉൾപ്പെടുത്തി ചെലവ് കുറഞ്ഞ തീര സംരക്ഷണ പദ്ധതികൾ ഫിഷറീസ് വകുപ്പിന് കീഴിൽ ആവിഷ്കരിച്ച്  നടപ്പാക്കി വരികയാണ്. പദ്ധതി വിജയിച്ചാൽ ചെലവ് കുറഞ്ഞ തീര സംരക്ഷണ പ്രവർത്തനം കേരളത്തിൽ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

മത്സ്യ ഉത്പാദന രംഗത്ത് കേരളത്തെ    രണ്ടാം സ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞു. കേരളത്തിന്റെ മത്സ്യനയം നടപ്പാക്കാൻ പോവുകയാണ്. ഇതിലൂടെ  ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുളള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹാർബർ എൻജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം എസ് രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

31.81 ലക്ഷം രൂപ ചെലവഴിച്ചാണ്  ട്രാഫിക് പോലീസ് സ്റ്റേഷൻ ബീച്ച് റോഡ് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. 665 മീറ്റർ റോഡ് ശരാശരി 5.50 മീറ്റർ വീതിയിൽ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാവാത്ത വിധം ഉയർത്തിയാണ്  നവീകരിച്ചത്. വലിയതോട് ഹാർബർ റോഡ് 69.99 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. 790 മീറ്റർ നീളമുള്ള റോഡിൽ  കടലാക്രമണം  കൂടിയ ഭാഗങ്ങളിൽ കോൺക്രീറ്റ് റോഡും ബാക്കി ഭാഗങ്ങളിൽ ബിറ്റുമിനസ് റോഡുമാണ് നിർമ്മിച്ചത്.   നഗരത്തിലെ ഗതാഗത കുരുക്കിൽപ്പെടാതെ ഹൈവേയ്ക്ക് സമാന്തരമായ ഈ റോഡിലൂടെ യാത്ര സാധ്യമാകുന്നത് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്, വാർഡ് കൗൺസിലർമാരായ എ അസീസ്, കെ ടി വി റഹ്മത്ത്, രത്നവല്ലി ടീച്ചർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് സ്വാഗതവും ഹാർബർ എൻജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ഷീന ഹമീദ് നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!