Section

malabari-logo-mobile

കഞ്ചിക്കോട് വിറപ്പിച്ച് 17 കാട്ടാന; മുള്‍മുനയില്‍ ജനം

HIGHLIGHTS : കഞ്ചിക്കോട്: കഞ്ചിക്കോട് ഐഐടിക്കു സമീപം തിങ്കള്‍ പുലര്‍ച്ചെയോടെ പതിനേഴ് കാട്ടാനകളെത്തി. വനം വകുപ്പ് ജീവനക്കാര്‍ രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ചാണ് ...

കഞ്ചിക്കോട്: കഞ്ചിക്കോട് ഐഐടിക്കു സമീപം തിങ്കള്‍ പുലര്‍ച്ചെയോടെ പതിനേഴ് കാട്ടാനകളെത്തി. വനം വകുപ്പ് ജീവനക്കാര്‍ രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ചാണ് ആനക്കൂട്ടത്തെ കാടുകയറ്റിയത്. മൂന്നര മാസമായി കഞ്ചിക്കോട് വനാതിര്‍ത്തിയില്‍ നിലയുറപ്പിച്ച ആനക്കൂട്ടം തിങ്കള്‍ പുലര്‍ച്ചെയോടെയാണ് ജനവാസ മേഖലയിലെത്തിയത്. സ്ഥിരം ശല്യക്കാരനായ ചുരുളിക്കൊമ്പനും കൂട്ടത്തിലുണ്ടായിരുന്നു. അയ്യപ്പന്‍മലയില്‍നിന്നെത്തിയ ആനക്കൂട്ടം ഐഐടി ക്യാമ്പസിന്റെ ചുറ്റുമതില്‍ തകര്‍ത്താണ് നിര്‍മാണത്തിലിരിക്കുന്ന നിള ക്യാമ്പസിലെത്തിയത്.

ഐഐടി ക്യാമ്പസിലെ നിര്‍മാണ ജോലിചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ താമസസ്ഥലം ആനക്കൂട്ടം നശിപ്പിച്ചു. ആനയെ കണ്ട് ഓടിരക്ഷപ്പെട്ട ബംഗാള്‍ സ്വദേശികളായ വീരകുമാര്‍(33), ധീരജ്(22), ജാര്‍ഖണ്ഡ് സ്വദേശി പൂനിയ ഭീം സാബ്(33)എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു. ലക്ഷങ്ങള്‍ വിലമതിക്കുന്ന നിര്‍മാണസാമഗ്രികള്‍ നശിപ്പിച്ചു. തുടര്‍ന്ന്, ജനവാസ മേഖലയായ മുക്രോണി, തലപ്പള്ളം പ്രദേശങ്ങളില്‍ അക്രമാസക്തരായി ആനകള്‍ സഞ്ചരിച്ചു.

sameeksha-malabarinews

ഒന്നര മണിക്കൂര്‍ പ്രദേശത്ത് നിലയുറപ്പിച്ച ആനക്കൂട്ടത്തെ വാളയാര്‍ റേഞ്ച് ഓഫീസര്‍ പി സുരേഷിന്റെ നേതൃത്വത്തില്‍ പുതുശേരി സൗത്ത് സെക്ഷനു കീഴിലെ ഇരുപതോളം വനപാലകര്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് കാടുകയറ്റിയത്. ആനയെ വിരട്ടിയോടിക്കുന്നതിനിടെ നാല് വനം വാച്ചര്‍മാര്‍ക്കും പടക്കം പൊട്ടിക്കുന്നതിനിടയില്‍ രണ്ട് വനം ജീവനക്കാര്‍ക്കും നിസ്സാര പരിക്കേറ്റു. കൊയ്യാന്‍ പാകമായ നെല്‍പ്പാടങ്ങള്‍ ഏറെയുള്ള പ്രദേശത്ത് വീണ്ടും ആനയെത്താന്‍ സാധ്യതയുള്ളതിനാല്‍ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.

ചുരുളിക്കൊമ്പന്‍ സ്ഥിരം സാന്നിധ്യം

ഒന്നര വര്‍ഷമായി മലമ്പുഴ, കഞ്ചിക്കോട്, കൊട്ടേക്കാട് മേഖലയിലെ ശല്യക്കാരനായ പി ടി– അഞ്ച് (പാലക്കാട് തസ്‌കര്‍ അഞ്ച്) എന്ന ചുരുളിക്കൊമ്പനും തിങ്കളാഴ്ച കാട്ടാനക്കൂട്ടത്തിലുണ്ടായിരുന്നു. മദപ്പാടുള്ള കൊമ്പന്‍ കഴിഞ്ഞദിവസങ്ങളില്‍ ജനവാസ മേഖലയില്‍ കൃഷിനാശം വരുത്തിയിരുന്നു. അയ്യപ്പന്‍മലയിലേക്ക് പലതവണ കയറ്റിവിട്ടാലും രാത്രി തിരികെയിറങ്ങുന്ന പി ടി– അഞ്ച് പന്നിമട, ഊരോലി, എളമ്പ്രക്കാട് എന്നിവിടങ്ങളിലാണ് സ്ഥിരമായെത്തുന്നത്. കുറച്ച് ദിവസങ്ങളിലായി ആനക്കൂട്ടത്തിനോടൊപ്പമാണ് ചുരുളിക്കൊമ്പന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!