‘ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം’; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരായ ആരോപണം വീണ്ടും ചര്‍ച്ച

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉയര്‍ന്ന ആരോപണം വീണ്ടും ചര്‍ച്ചയാക്കി ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ. 2018ല്‍ ചാന്നി വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണമാണ് കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്.

‘ചന്നി മുഖ്യമന്ത്രിയായി ഇരിക്കുന്നത് സ്ത്രീകള്‍ക്ക് ഭീഷണിയാണെന്നാണ് രേഖ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്ത് ചാന്നി തുടരുന്നത് അപമാനകരമാണ്. അത് സ്ത്രീ ശാക്തീകരണത്തെ പിന്നില്‍ നിന്ന് കുത്തുന്നതും സ്ത്രീകള്‍ക്ക് ഭീഷണിയുമാണ്.” അദ്ദേഹം രാജി വയ്ക്കുകയാണ് ചെയ്യേണ്ടതെന്നും രേഖ പറഞ്ഞു.

ആരോപണത്തെ തുടര്‍ന്ന് ചന്നിക്കെതിരെ 2018ല്‍ വനിതാ കമീഷന്‍ കേസെടുത്തിരുന്നു. വിഷയം ചര്‍ച്ചയായതോടെ അന്നത്തെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും ചന്നി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, വിഷയത്തില്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.

പഞ്ചാബിന്റെ ആദ്യ ദളിത് സിഖ് മുഖ്യമന്ത്രിയാണ് ചന്നി. കഴിഞ്ഞദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ചരണ്‍ജിതിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ചാംകൗര്‍സാഹിബ് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ചന്നി അമരീന്ദര്‍ മന്ത്രിസഭയില്‍ ടൂറിസം സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്.

 

 

 

Share news
error: Content is protected !!
Scroll to Top