കൊല്ലത്ത് കാറില്‍ പോവുകയായിരുന്ന ഭാര്യയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാള്‍ കൊല്ലപ്പെട്ടു

കൊല്ലം: ചെമ്മാംമുക്കില്‍ കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. യുവതിയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ഒമ്‌നി വാനിലെത്തിയ പത്മരാജന്‍ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയില്‍ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. നഗരമധ്യത്തില്‍ റെയില്‍വെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം. കൊല്ലം നഗരത്തില്‍ ബേക്കറി സ്ഥാപനത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് വിവരം. എന്നാല്‍ പത്മരാജന്‍ ലക്ഷ്യമിട്ടയാളല്ല കാറില്‍ ഉണ്ടായിരുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്.
രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. പൊലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവ സ്ഥലത്തു തന്നെ മരിച്ചു.സോണിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

അനിലയുടെ സുഹൃത്തായ ഹനീഷിനെയാണ് കാറില്‍ പ്രതീക്ഷിച്ചതെന്നും സോണിയെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പത്മരാജന്‍ ഈസ്റ്റ് പൊലീസിന് നല്‍കിയ മൊഴി. ബേക്കറി നടത്തിപ്പില്‍ അനിലയും ഹനീഷും തമ്മിലുണ്ടായ ഇടപാടുകള്‍ ഉള്‍പ്പടെയാണ് വൈരാഗ്യത്തിന് കാരണം.

കേസില്‍ ഭര്‍ത്താവ് പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും. ഹനീഷിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top