ആരായിരിക്കും ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വിജയക്കൊടി പാറിച്ച് ബിജെപി. ആം ആദ്മിയെ തരിപ്പണമാക്കി ഡല്‍ഹിയില്‍ ബിജെപി ഭരണം ഉറപ്പിച്ചതോടെ ആരാകും മുഖ്യമന്ത്രിയെന്ന ആകാംക്ഷയിലാണ് രാജ്യം. കേന്ദ്ര നേതൃത്വം പാര്‍ലമെന്ററി യോഗം ചേര്‍ന്ന് വൈകാതെ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ പ്രഖ്യാപനം നടത്തുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

ആരാകും ഡല്‍ഹി മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമില്ലെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച് ദേവ വ്യക്തമാക്കി. കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയെ തീരുമാനിക്കും. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഇന്ന് ചര്‍ച്ച നടക്കാനുള്ള സധ്യതയുണ്ട്.

നീണ്ട 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ അധികാരത്തിലെത്തുമ്പോള്‍ തര്‍ക്കമില്ലാതെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ നട്ടെല്ലും എഎപി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് ശര്‍മ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ള നേതാവാണ്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ് ശര്‍മ.

ഡല്‍ഹി ബിജെപിയിലെ പ്രമുഖനായ വിജേന്ദര്‍ ഗുപ്തയുടെ പേരും സജീവ പരിഗണനയില്‍ എത്തിയേക്കും. അനുഭവപരിചയവും ബിജെപി അംഗം എന്ന പരിഗണനയും വിജേന്ദറിന് സാധ്യത ശക്തമാക്കുന്നുണ്ട്. മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജും ഡല്‍ ഹി മുഖ്യമന്ത്രി പദവിയിലേക്ക് എത്താന്‍ സാധ്യതയുള്ള നേതാവാണ്. ഡല്‍ഹിയില്‍ നിന്നുള്ള എംപിയാണ് ബാന്‍സൂരി സ്വരാജ്.

ഡല്‍ഹിയില്‍ പാര്‍ട്ടി വിജയം നേടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവാണ് വിജേന്ദര്‍ ഗുപ്ത. 2015ലും 2020ലും രോഹിണി സീറ്റ് നിലനിര്‍ത്തിയ വിജേന്ദര്‍ ഗുപ്ത ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായും സേവനമനുഷ്ഠിച്ചു.

രജൗരി ഗാര്‍ഡന്‍ വിധാന്‍ സഭാ മണ്ഡലത്തില്‍ മത്സരിച്ച മജീന്ദര്‍ സിംഗ് സിര്‍സ മുഖ്യമന്ത്രിസ്ഥാനത്ത് എത്താന്‍ സാധ്യതയുള്ള നേതാവാണ്. ആം ആദ്മി പാര്‍ട്ടിയുടെ എ ധന്വതി ചന്ദേല എയെ ആണ് മജീന്ദര്‍ സിംഗ് സിര്‍സ പരാജയപ്പെടുത്തിയത്. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും ദളിത് നേതാവുമായ ദുഷ്യന്ത് ഗൗതമും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് മദന്‍ ലാല്‍ ഖുറാനയുടെ മകനായ ഹരിഷ് ഖുറാനയും സാധ്യതാ പട്ടികയിലുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top