ഇനി മൂന്നാറില്‍ കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍

മൂന്നാര്‍: സഞ്ചാരികളുടെ ഇഷ്ടയിടമായ മൂന്നാറിന്റെ കാഴ്ചകള്‍ കാണാനും സൗന്ദര്യം ആസ്വദിക്കാനും അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍വീസ്. കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ മൂന്നാറില്‍ സര്‍വീസ് ആരംഭിച്ചു. മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഇടുക്കി ദേവികുളം എംഎല്‍എ എ രാജ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതന സംരംഭമായ കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് മൂന്നാറില്‍ ആരംഭിക്കുകയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. വിനോദസഞ്ചാരികള്‍ക്ക് നയന മനോഹരമായ മൂന്നാര്‍ കാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കുവാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. സര്‍വീസ് ക്രമം, നിരക്ക് എന്നിവ സംബന്ധിച്ച പ്രഖ്യാപനം ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ നടത്തിയേക്കും.

ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച 2 ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. വ്യാഴാഴ്ച തിരുവനന്തപുരത്ത് നിന്ന് ബസ് മൂന്നാറില്‍ എത്തിച്ചിരുന്നു. ദൃശ്യങ്ങള്‍ കാണാവുന്ന തരത്തില്‍ ഗ്ലാസില്‍ ആണ് ബസിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. മുകള്‍ നിലയില്‍ 38 സീറ്റുകളും താഴെ 12 സീറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്. താഴത്തെ നിലയില്‍ അഞ്ച് പേര്‍ക്ക് ഇരിക്കാവുന്ന ബെര്‍ത്തും സജ്ജമാക്കിയിട്ടുണ്ട്. ബസില്‍ കുടിക്കാന്‍ ആവശ്യമായ ശുദ്ധജലമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ടൂറിസ്റ്റുകള്‍ക്ക് ആസ്വദിക്കാന്‍ മ്യൂസിക് സിസ്റ്റം, പബ്ലിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നീ സംവിധാനങ്ങളും ബസിലുണ്ട്. യാത്രാ വേളയില്‍ കുടിവെള്ളം, ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ തുടങ്ങിയവ ലഭ്യമാകുന്നതിനും അത്യാവശ്യ ഘട്ടങ്ങളില്‍ മൊബൈല്‍ ചാര്‍ജിങ് നടത്തുന്നതിനുമുള്ള സംവിധാനങ്ങളും ലഭ്യമാണ്. ദിവസവും ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള മറ്റൊരു സൗകര്യമാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്.

ബസില്‍ ഘടിപ്പിച്ചിരിക്കുന്ന ലൈറ്റുകള്‍ ഒന്നും തെളിക്കാനുള്ളതല്ലെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ ഇന്ന് പറഞ്ഞു. രാത്രിയില്‍ ഈ ബസ് സര്‍വീസ് നടത്തുന്നില്ല. ലൈറ്റ് ഇടേണ്ട എന്ന നിര്‍ദേശം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. നിയമം ലംഘിച്ച് കെഎസ്ആര്‍ടിസി ബസില്‍ അലങ്കാര ലൈറ്റുകള്‍ വച്ചിരിക്കുന്നുവെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി ഗണേഷ് കുമാര്‍ വിഷയത്തില്‍ പ്രതികരണം നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top