കളമശ്ശേരി : വിവാഹിതയായ പെണ്‍കുട്ടിയുടെ ഫോട്ടോ കാമുകിയുടേതെന്ന പേരില്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ദന്തഡോക്ടര്‍ അറസ്റ്റില്‍. ഇടപ്പള്ളി വെണ്ണല പുതിയ റോഡ് അരുണാചലം ഗീതാജ്ഞലി വീട്ടില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയായ സെല്‍വരാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫോട്ടോയിലെ പെണ്‍കുട്ടിയും സെല്‍വരാജും ഒരുമിച്ച് പഠിച്ചവരും സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍ വിവാഹിതയായ പെണ്‍കുട്ടിയെ തന്റെ കാമുകി എന്ന് പരിചയപ്പെടുത്തി പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അതേസമയം വിവാഹത്തിന് മുമ്പും ഇത്തരത്തില്‍ ഒരു പരാതി പെണ്‍കുട്ടി പോലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ച് പ്രശ്‌നം പരിഹരിച്ച് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ വിവാഹ ശേഷവും ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് യുവാവ് പറയുന്നുണ്ടെങ്കിലും തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ നിലപാട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


