HIGHLIGHTS : We must recognize the construction needs of the new era, including age-friendly homes: Minister K Rajan
വാര്‍ധക്യകാലത്ത് ആവശ്യമായ പകല്‍ വീടുകള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ കാലികമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന് കഴിയണമെന്ന് റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ഭവനനിര്‍മാണ ബോര്‍ഡിന്റെ 54-ാം വാര്‍ഷികവും വാടക കുടിശ്ശിക നിവാരണ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ഭവനനിര്‍മാണ ബോര്‍ഡ് ആസ്ഥാനത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 1924 -ല്‍ സ്ഥാപിതമായ ഭവന നിര്‍മാണ ബോര്‍ഡ് എം.എന്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ വലിയ സംഭാവനയാണ് കേരളത്തിന് നല്‍കിയത്. ലക്ഷം വീട് പദ്ധതിയിലൂടെ എല്ലാവര്‍ക്കും ഭവനം ഉറപ്പാക്കാനുള്ള ശ്രമം ആരംഭിച്ചു. വിവിധ വായ്പാ പദ്ധതികളിലൂടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെയും ജനകീയ പങ്കാളിത്തത്തോടെ ഭൂമി, ആരോഗ്യം, വിഭ്യാഭ്യാസം എന്നിവയോടൊപ്പം പാര്‍പ്പിടങ്ങളും ജനങ്ങള്‍ക്ക് ലഭിക്കാന്‍ തുടങ്ങി.
പുതിയ കാലത്ത് ഭവന നിര്‍മാണ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു നയം രൂപീകരിച്ച് നടപ്പിലാക്കാന്‍ കഴിയണം. ദുരന്ത ബാധിത സ്ഥലങ്ങളിലേക്കെത്തുമ്പോള്‍ പലപ്പോഴും തകര്‍ന്നു കിടക്കുന്ന പല നിര്‍മാണങ്ങളും അനുവദനീയമായതല്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്നു. ഏതൊക്കെ നിര്‍മാണ വസ്തുക്കളും നിര്‍മാണ രീതികളുമാണ് ഉപയോഗിക്കാന്‍ സാധിക്കുക എന്നതില്‍ വ്യക്തതയുണ്ടാകേണ്ടതുണ്ട്. അടച്ചുപൂട്ടപ്പെട്ട വീടുകള്‍ ടൂറിസത്തിന് ഹോം സ്റ്റേകളായി ഉപയോഗിക്കാം എന്ന നിര്‍ദേശം അനുകരണീയമാണ്. കാലവസ്ഥ വ്യതിയാനം രൂക്ഷമാകുന്ന കാലത്തില്‍ പ്രകൃതി സൗഹൃദ നിര്‍മാണ രീതി പ്രോല്‍സാഹിപ്പിക്കുകയും അവ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ സമയം നിര്‍ണയിക്കുകയും വേണം.
ഭവന നിര്‍മാണ ബോര്‍ഡ് നടപ്പിലാക്കുന്ന ഗൃഹശ്രീ പദ്ധതിക്ക് ബജറ്റില്‍ മുന്‍വര്‍ഷത്തിനേക്കാള്‍ ഇരട്ടി തുക വകയിരുത്തിയിട്ടുണ്ട്. പുതിയ മാറ്റമനുസരിച്ച് രണ്ട് ലക്ഷം രൂപക്ക് പകരം 3 ലക്ഷം രൂപ ഗവണ്‍മെന്റ് വിഹിതമായി. കുടിശ്ശിക സമയബന്ധിതമായി പിരിക്കുന്നതിന് ബോര്‍ഡ് താഴെത്തട്ടില്‍ വരെ ശ്രദ്ധ ചെലുത്തണം. മറൈന്‍ ഇക്കോ സിറ്റിക്ക് മേയില്‍ തറക്കല്ലിടും. പ്രവര്‍ത്തന പുരോഗതി ഓരോ ആഴ്ചയിലും റവന്യൂ സെക്രട്ടേറിയേറ്റ് വിലയിരുത്തും. 35 ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുയരുന്ന മൂന്ന് നില പാര്‍ക്കിംഗ്, കണ്‍വെന്‍ഷന്‍ സെന്റര്‍, റസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ ഏരിയകള്‍ ഉള്‍പ്പെടുന്ന പദ്ധതി കേരളത്തിലെ അഭിമാന പദ്ധതിയായി മാറുമെന്നും മന്ത്രി പറഞ്ഞു. ഭവനനിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ ടി.വി ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഷീബാ ജോര്‍ജ് സ്വാഗതമാശംസിച്ചു. ബോര്‍ഡ് അംഗങ്ങളായ മാങ്കോട് രാധാകൃഷ്ണന്‍, സുമോദ് കെ എബ്രഹാം, അഡീഷണല്‍ സെക്രട്ടറി കെ. ബാബു, ചീഫ് എന്‍ജിനീയര്‍ എസ്. മനോമോഹന്‍ എന്നിവര്‍ സംബന്ധിച്ചു. ചീഫ് പ്രോജക്റ്റ് എഞ്ചിനീയര്‍ എസ്. ഗോപകുമാര്‍ നന്ദി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു