വിനോദയാത്രയ്ക്കല്ലാതെ വയനാട് കയറുമ്പോള്‍ കാണുന്നത്

അവന്റെ അച്ഛനെ കഴിഞ്ഞ കര്‍ക്കടകത്തില്‍ ആന ചവിട്ടിക്കൊന്നതാ….

ങ്ങേ..ആനയോ…?
ആ .. ആന തന്നെ

എന്നിട്ട് ….
എന്നിട്ടെന്താ…..
നാങ്കക്കടെ കറ്പ്പന്‍ പോയി…
നാങ്കളൊറ്റക്കായി…

കഴിഞ്ഞ ദിവസങ്ങളൊന്നില്‍ ഷിജുവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം വടകരയില്‍ നിന്ന് ശേഖരിച്ച ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമായി വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലൂടെ പോയപ്പോള്‍
പുല്‍പ്പള്ളി വനത്തിനുള്ളില്‍ താമസിക്കുന്ന
കാട്ടുനായ്ക്കരില്‍പ്പെട്ടവരില്‍ ഒരാളായ ചെട്ടിയുടെ വീട്ടില്‍ നിന്ന് കേട്ട ഈ വാക്യം വഴിയിലെല്ലാം സങ്കടങ്ങള്‍ നിറച്ചു.ഈ യാത്രയിലെ ഓര്‍മ്മ ചെട്ടിയും മക്കളും മാത്രമായി.!

രാവിലെമുതലുള്ള വയനാടന്‍ യാത്രയില്‍ പണിയരെയും അടിയരെയും കുറിച്യരെയുമൊക്കെ അവിടവിടെയായി കണ്ടിരുന്നു. കോളനികളില്‍ കിറ്റുകള്‍ കൊടുക്കുന്ന തിരക്കിനിടയില്‍ അവരോടൊന്നും ഒറ്റയ്‌ക്കൊറ്റയ്ക്ക് ആരും അധികം സംസാരിച്ചിരുന്നില്ല. ഉണ്ടായ സംസാരം തന്നെ മഴയെക്കുറിച്ചും പ്രളയത്തെക്കുറിച്ചും മാത്രമായിരുന്നു.
പുല്പള്ളിയില്‍ നിന്ന് ഉള്ളിലോട്ടുളളിലോട്ടുള്ള ആദിവാസിക്കോളനികളിലായിരുന്നു ഞങ്ങള്‍ പ്രധാനമായും പോയത്. ഇടയ്ക്ക് പയ്യന്നൂര്‍ കോളെജില്‍ നിന്ന് സാധനങ്ങളുമായി വന്ന കുട്ടികള്‍ ഒരു ലോറി കിറ്റുകളില്‍ കുറേയെണ്ണം ഞങ്ങളെയുമേല്‍പ്പിച്ചു. ഉച്ചയ്ക്കുശേഷം ഒരു സുഹൃത്ത് ഞങ്ങളെ പുല്‍പ്പള്ളിക്കാടിന്റെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വഴിയില്‍വെച്ച് അയാളുടെ നിര്‍ദേശപ്രകാരം മൂപ്പന്‍ എന്നു വിളിക്കപ്പെട്ട ഒരാള്‍ ഞങ്ങള്‍ക്കൊപ്പം വണ്ടിയില്‍ കയറി. വണ്ടി വളവും തിരിവുമായി കാട്ടിലൂടെ എങ്ങോട്ടേക്കോ പാഞ്ഞു.വയനാടിന്റെ ഇത്രയും ഉള്ളിലുള്ള കാടകം ആദ്യമായിട്ടാണ് ഞങ്ങളിങ്ങനെ കാണുന്നത്. അതിന്റെ ആഹ്ലാദം എല്ലാവരുടെയും മുഖത്ത് മിന്നി. അകം വനനിബിഡമായ ലോകം തന്നെ.കിലോമീറ്ററുകള്‍ താണ്ടിയപ്പോള്‍ വണ്ടി വഴിയിലൊരിടത്തു കണ്ട അങ്കണവാടി കെട്ടിടത്തിനടുത്തു നിര്‍ത്തി.ശേഷം അയാളിറങ്ങി അകത്തേക്കു പോയി കുറച്ച് ആദിവാസികളെയും കൂട്ടി വന്നു. വെള്ളച്ചിയും സംഘവും.’അവരൊറ്റയ്ക്ക് വരില്ല. ഒരുമിച്ചേവരൂ’ എന്ന് അയാള്‍. വന്നവരാരും അധികം സംസാരിച്ചില്ല. കിറ്റു കിട്ടിയതോടെ ചെറിയ ചിരിയുമായി അവരെല്ലാമകത്തേക്ക് മറഞ്ഞു.

‘ഇനി വണ്ടി പോകില്ല. സാധനങ്ങളുമെടുത്ത് കുറേ നടക്കണം.ല്ലേല്‍ തിരിച്ചു പോകണം’
അയാള്‍ പറഞ്ഞതിനനുസരിച്ച് ഞങ്ങളില്‍ കുറച്ചുപേര്‍ പറ്റാവുന്നത്ര കിറ്റുകളും മറ്റും ചുമലിലും തലയിലും വെച്ച് പിന്നെയുമകത്തേക്ക്. ബാക്കിയുള്ളവര്‍ അങ്കണവാടി മുറ്റത്തിരുന്നു.അയാളുടെ വേഗത്തിനൊപ്പം ഞങ്ങള്‍ കിതച്ചു.
‘പെട്ടെന്നുവരൂ. വൈകിയാല്‍ തിരിച്ചു വരാന്‍ കഴിയില്ല. മൃഗങ്ങളിറങ്ങും. ഈ വഴിക്കെപ്പോഴും ആനയിറങ്ങാറുള്ളതാ’.അതുകേട്ടതോടെ ചിതറി നടന്നവരെല്ലാം ഒരാനവലുപ്പത്തിലടുത്തടുത്തു നടന്നു. കാടു കണ്ട് കാടു കണ്ട് പിന്നെയും കുറേ ദൂരം കടന്നപ്പോള്‍ ഞങ്ങളുടെ മുന്നില്‍ സുന്ദരമായ വയലുകള്‍ പ്രത്യക്ഷമായി. വയനാടിന്റെ പുറം കാടാണെങ്കിലും അകം പലയിടത്തും വയലാണ്. വയനാട് വനനാടോ അതോ വയല്‍നാടോ.!

കാടിനും വയലിനുമിടയിലൂടെ കുറച്ചു പോയപ്പോള്‍ ദൂരെ കാട്ടുനായ്ക്കരില്‍പ്പെട്ട ഒരാളുടെ കുടിലിലെത്തി. സാധനങ്ങളൊക്കെ ആ കോലായിലേക്കു വെച്ചു. അകത്തുനിന്ന് വന്നവര്‍ അകലം വെച്ചു നിന്നു.ഒരു കിറ്റ് അവര്‍ക്കു കൊടുത്തു. ശേഷം ഒപ്പമുള്ളവര്‍ കുറച്ചു കിറ്റുകളുമായി മൂപ്പനൊപ്പം മറ്റു കുടിലുകളിലേക്ക് പോയി. ഞാനും ഒപ്പമുണ്ടായിരുന്ന രാജേഷ് മാഷും ആ കുഞ്ഞു കോലായയിലിരുന്ന് വീട്ടു/കാട്ടുകാരോട് ജീവിതം ചോദിച്ചു തുടങ്ങി. മൂന്ന് സ്ത്രീകളും മൂന്നുവയസായ ഒരു കുഞ്ഞുമായിരുന്നു അവിടെ ഉണ്ടായിരുന്നത്. കുട്ടി ഒഴികെ ബാക്കി മൂന്നുപേരും മുറുക്കിക്കൊണ്ടേയിരിക്കുന്നുണ്ട്.ചെറിയ ചെറിയ വര്‍ത്തമാനം കെട്ടഴിച്ച് കെട്ടഴിച്ച് വിടുന്നതിനിടയില്‍ ഞാന്‍ കുഞ്ഞിന്റെ അച്ഛനെക്കുറിച്ച് ചോദിച്ചു. ‘അവര് നാങ്കളെ വിട്ടുപോയി’ എന്നു മാത്രം പറഞ്ഞു. വാക്ക് മുറിയുമ്പോള്‍ മൂന്നു വയസായ അവരുടെ മകന്‍ മുന്നിലുള്ള കാട്ടിലേക്കും ഞങ്ങളിലേക്കും കണ്ണെറിഞ്ഞു. അപ്പോള്‍ വിട്ടുപോയ ഭര്‍ത്താവിനെ പ്രതിയാക്കി എന്റെ മനസ് അനേക ദൃശ്യങ്ങള്‍ നിര്‍മ്മിച്ചു. നാട്ടിലായാലും കാട്ടിലായാലും പ്രതികളില്‍ ഭൂരിപക്ഷവും പുരുഷന്‍ തന്നെ.!
കുറച്ച് സംഭാഷണങ്ങളുണ്ടാക്കിയ അടുപ്പത്തിന്നിടയില്‍ മകളുടെ ഭര്‍ത്താവിനെപ്പറ്റി യുവതി പറഞ്ഞ കാര്യം പ്രായമായ അമ്മ ചെട്ടി ഇങ്ങനെ തിരുത്തി.
‘അവന്റെ അച്ഛനെ പണിക്ക് പോകുമ്പോള്‍ ആന ചവിട്ടിക്കൊന്നതാ..’
അതുകേട്ടതും യുവതി കുട്ടിയെയും പിടിച്ച് കണ്ണീരുമായി അകത്തേക്ക് പിന്‍വലിഞ്ഞു.
മനസിലെ ദൃശ്യങ്ങളെല്ലാം പൊടിഞ്ഞമര്‍ന്നു.

‘ആനയോ …!’
‘ഉം’…..!
ഇന്ന് രാവിലെയും ആട ആന വന്നിരുന്നു. തൊട്ടടുത്ത കാട്ടിലേക്ക് അവര്‍ ചൂണ്ടി.!

പണിക്കു പോകണമെങ്കില്‍ പത്ത് പതിനഞ്ച് കിലോമീറ്റര്‍ അപ്പുറം പോണം.മാസത്തില്‍ ഒന്നോ രണ്ടോ പണി.ഒരിക്കല്‍ കറ്പ്പന്റെ ആ പോക്ക് ആനയുടെ കാഴ്ചയില്‍ തീര്‍ന്നതാ.

‘നിങ്ങള്‍ക്ക് ഇത് വിട്ട് പുറത്തേക്ക് പോന്നൂടേ..
സര്‍ക്കാര്‍ സഹായിക്കില്ലേ?’

‘ഉം…
വിട്ടു വന്നാല്‍ സര്‍ക്കാര് പത്ത് ലക്ഷം രൂപ തരാംന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാള് ബ്ട ബിട്ടു പോവൂല …’

‘അതെന്താ…?’

‘നിശ്ശബ്ദത.!’

‘ഇപ്പോള്‍ നിങ്ങളെങ്ങനെയാ ജീവിക്കുന്നേ.?’
ആ ദാരിദ്ര്യത്തിലേക്ക് ഞാന്‍ അടുത്ത ചോദ്യമെറിഞ്ഞു.

‘മാസത്തില്‍ കിട്ടുന്ന റേഷനരി കൊണ്ട്.’

ഒരു മാസത്തേക്ക് അത് തികയുമോ …?
‘ഇല്ല.’
പിന്നെന്തു ചെയ്യും.?
പിന്നെയും നിശ്ശബ്ദത..!
(ആ നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് രാജേഷ് മാഷ് രണ്ട് കിറ്റുകൂടി അവരിലേക്ക് നീക്കി വെച്ചു.)

‘ആര്‍ക്കെങ്കിലും കുടുംബത്തില്‍ സര്‍ക്കാര്‍ ജോലിയുണ്ടോ ..?’
‘ഇല്ല….’

‘ഡിഗ്രിയൊക്കെ പഠിച്ചവരുണ്ടോ ഈ കാട്ടില്‍ …’

‘ഉണ്ട്. പക്ഷെ ഓരിക്കൊന്നും പണിയൊന്നും കിട്ടിയിട്ടില്ല.’

അപ്പോള്‍ ഞങ്ങള്‍ സംവരണ വിരുദ്ധതയെക്കുറിച്ചുള്ള നാട്ടുവര്‍ത്തമാനങ്ങള്‍ ഓര്‍ത്തു.
‘എസ്.സി. എസ്. ടി.ക്കാര്‍ക്കുള്ള സംവരണമൊക്കെ നിര്‍ത്തണം.’
ഇങ്ങനെ പറയുന്നവരാണ് നാട്ടില്‍ക്കൂടുതലും. ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഇങ്ങനെ പറയുന്നവരെ ഈ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരണം. പിന്നെയവരത് പറയില്ല.രാഗേഷ് പൊതുബോധത്തെപ്പറ്റിയുള്ള ഓര്‍മ്മ ആ കോലായിലിട്ടു.

സംഭാഷണം അവരുടെ ജീവിതത്തെ തൊട്ടു തൊട്ടിറങ്ങിത്തുടങ്ങുന്നതിനിടയില്‍ മൂപ്പനും ഞങ്ങളുടെ സുഹൃത്തുക്കളും തിരിച്ചുവന്നു.

‘രണ്ടു കിറ്റ് ബാക്കിയുണ്ട്.ഇത് തൊട്ടടുത്ത കരയിലെ വീട്ടില്‍ കൊടുക്കണേ…
അവിടെ ആളില്ല….’
കോലായില്‍ വെച്ച കിറ്റു ചൂണ്ടി ഷിജു ഓര്‍മ്മിപ്പിച്ചു.

‘വേണ്ട. അതിവിടെ വെക്കണ്ട.’
‘അതെന്താ?’
‘അവരെടുക്കില്ല.’
‘അതെന്താ…’
‘നാങ്കളെ വീട്ടില് ഓര് ബെരൂല..’
‘നാങ്കള് താണ ജാതി….’
‘ങ്ങേ…’
‘അബ്ട ബെക്കണ്ട എട്‌ത്തോ..’ എന്ന് മൂപ്പനും.

ഞങ്ങള്‍ തിരിച്ചു നടന്നു.
പ്രളയം വന്നു. കുറേ മനുഷ്യര്‍ മണ്ണിനടിയിലായി. എന്നിട്ടും തൊട്ടുകൂടായ്മയും തീണ്ടലുമൊന്നും ഇവിടെയും ഇപ്പോഴും മണ്ണിനടിയിലായിട്ടില്ല.!

മുന്നില്‍ ഇരുട്ടിറങ്ങി.ഞങ്ങള്‍ മൂപ്പനൊപ്പം വേഗം കൂട്ടി.

വണ്ടിയില്‍ ബാക്കിയെല്ലാവരോടും കൗതുകങ്ങള്‍ പങ്കുവെച്ചു. അപ്പോള്‍ കൂടെയുള്ള ബിവീഷ് ഇങ്ങനെ പറഞ്ഞു.

‘അവരെന്തിനാണ് അകത്തു കഴിയുന്നത്.പുറത്തേക്കു വരരുതോ.സര്‍ക്കാര്‍ സഹായവും ചെയ്തു കൊടുക്കും.പിന്നെ അവരെയല്ലേ കുറ്റം പറയേണ്ടത് …?’

പണ്ടേ കേള്‍ക്കുന്നതാണീ വാക്യം.ഈ ചോദ്യത്തിനിടയില്‍ എപ്പോഴും ഞാന്‍ സന്ദേഹിയുമാണ്. ഇപ്പോഴും.!
ആദിവാസികള്‍ കാടിനകം വിട്ട് നമ്മളിലേക്ക് കലരണോ .. അതോ അവിടെത്തന്നെ തുടരണോ ..?
സംശയത്തിന്റെ മുനമ്പില്‍ കാട് റോഡിലേക്കിറങ്ങി.

ചുരമിറങ്ങുമ്പോള്‍ ഞാന്‍ പഴയ ഒരു വയനാടന്‍ യാത്ര ഓര്‍ത്തു. 2003 ലെ മുത്തങ്ങ വെടിവെപ്പിനു ശേഷം സുല്‍ത്താന്‍ ബത്തേരിയില്‍ ഒരു വലിയ സാംസ്‌കാരിക സംഗമം നടന്നിരുന്നു.അന്ന് ഞാന്‍ എം.എ.യ്ക്ക് കോളെജില്‍ പഠിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്ന് മുത്തങ്ങയിലേക്ക് അരിയും വസ്ത്രങ്ങളുമൊക്കെയായി കുറച്ച് അധ്യാപകരും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ വന്ന വണ്ടിയില്‍ എന്നെയും കൂട്ടിയിരുന്നു.
ബത്തേരിയില്‍ നടന്ന ആ കൂട്ടായ്മ എം.ടി.വാസുദേവന്‍ നായരായിരുന്നു ഉദ്ഘാടനം ചെയ്തത്.വിവിധ പ്രഭാഷണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍
അന്ന് വൈകുന്നേരം ബത്തേരി ടൗണില്‍ ഒരു വലിയ മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചിരുന്നു. അതിന്റെ ഒരറ്റത്തു നിന്ന് യുവത്വത്തിന്റെ ആവേശത്തില്‍ ഞാന്‍ വിളിച്ചു കൊടുത്ത മുദ്രാവാക്യം പിന്നെയും ഓര്‍മ്മയിലിറങ്ങി.
അതിങ്ങനെയായിരുന്നു.

‘ആദിവാസികള്‍ അന്യരല്ല. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.നിങ്ങളന്യരല്ല.’

കൂട്ടത്തിലുള്ളവരെല്ലാം ഏറ്റുവിളിച്ചു.
‘ആദിവാസികള്‍ അന്യരല്ല…’

ആ പ്രകടനത്തിനു ശേഷം കഴിഞ്ഞ പ്രളയകാലത്താണ് ഇതുപോലൊരു ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ആദിവാസികളിലേക്കു വന്നത്.പതിനഞ്ച് കൊല്ലങ്ങള്‍ക്കു ശേഷം.!
ബാക്കിയെല്ലാ വയനാട് യാത്രയും എനിക്ക് വിനോദയാത്രകളായിരുന്നു..!
എനിക്കുമാത്രമാവില്ല. എനിക്കൊപ്പം അന്ന് വന്നവരുടേതും ഇങ്ങനെതന്നെയാവും.!

ഇനി മറ്റൊരു ദുരന്തനിടയിലായിരിക്കാം ഇതുപോലൊരു വയനാടന്‍കയറ്റം.!
ആത്മനിന്ദയുണ്ടാക്കുന്ന ഈ ആലോചനയും ഓര്‍മ്മയുമായി ഞാന്‍ വീണ്ടും വെളിച്ചത്തിലേക്ക് ചുരമിറങ്ങി. എനിക്കു പിന്നില്‍ ഇരുട്ട് പിന്നെയും കനത്തുവന്നു.

Share news
 • 157
 •  
 •  
 •  
 •  
 •  
 • 157
 •  
 •  
 •  
 •  
 •