HIGHLIGHTS : Wayanad and Chelakkara advertising campaign has ended
വയനാട് ലോക്സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ വാശിയേറിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. മൂന്ന് മുന്നണികളുടെയും നേതൃത്വത്തില്‍ വമ്പിച്ച പരിപാടികളാണ് വയനാടും ചേലക്കരയിലും സംഘടിപ്പിച്ചത്. റോഡ് ഷോയുമായി സ്ഥാനാര്‍ഥികളും അവര്‍ക്ക് കരുത്തായി ആയിരക്കണക്കിന് അണികളും അണിനിരന്നതോടെ കൊട്ടിക്കലാശം ആവേശക്കൊടുമുടിയിലാകുകയായിരുന്നു.
വയനാട്ടില്‍ റോഡ് ഷോയില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. തിരുവമ്പാടിയിലെ കൊട്ടിക്കലാശത്തില്‍ രാഹുലും പ്രിയങ്കയും ഒന്നിച്ചതോടെ കൊട്ടിക്കലാശം ആഘോഷത്തിമിര്‍പ്പിലായി. ‘ഐ ലൗ വയനാട്’ എന്നെഴുതിയ ടീ ഷര്‍ട്ടും ധരിച്ചായിരുന്നു വയനാട് മുന്‍ എംപി കൂടിയായ രാഹുല്‍ റോഡ് ഷോയില്‍ പങ്കെടുത്തത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി വന്‍ ആത്മവിശ്വാസത്തിലാണ്. കല്പറ്റയിലായിരുന്നു സത്യന്‍ മൊകേരിയുടെ ശക്തി പ്രകടനം. അവസാനവട്ട പ്രചാരണം സജീവമാക്കി എന്‍ ഡി എ സ്ഥാനാര്‍ഥി നവ്യ ഹരിദാസും രംഗത്തുണ്ടായിരുന്നു. ക്രെയ്നില്‍ കയറിയ നവ്യ, പ്രവര്‍ത്തകര്‍ക്കു മേല്‍ പുഷ്പവൃഷ്ടി നടത്തി. സുല്‍ത്താന്‍ ബത്തേരിയിലായിരുന്നു എന്‍ ഡി എയുടെ കൊട്ടിക്കലാശം.
ചേലക്കരയിലും കൊട്ടിക്കലാശം കളറാക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനൊപ്പം, പാലക്കാട്ടെ സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. അതേസമയം, റോഡ് ഷോയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപിനെ കെ രാധാകൃഷ്ണന്‍ എംപിയും അനുഗമിച്ചു. ഇടതുകോട്ട നിലനിര്‍ത്താന്‍ എല്‍ ഡി എഫും പിടിച്ചെടുക്കാന്‍ യു ഡി എഫും പരിശ്രമിക്കുന്ന ചേലക്കരയില്‍ പോരാട്ടം കടുക്കുകയാണ്. അതിന്റെ പതിപ്പായിരുന്നു കൊട്ടിക്കലാശത്തിലും കണ്ടത്. ഓരോ മുന്നണികളും തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ വേണ്ടിയുള്ള മത്സരമായിരുന്നു ചേലക്കര ബസ്റ്റാന്റ് പരിസരത്ത് നടന്നത്.
പാലക്കാടും നവംബര്‍ 13ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും കല്‍പാത്തി രഥോത്സവത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഏകദേശം ഒരുമാസത്തിലധികം നീണ്ടുനിന്ന വാശി നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഒക്ടോബര്‍ 11ന് വൈകിട്ട് ആറോടെ അന്ത്യമായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു