Section

malabari-logo-mobile

വയനാട് അപകടം: ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ലെന്ന് ഡ്രൈവറുടെ മൊഴി; പോസ്റ്റുമോര്‍ട്ടം ഇന്ന്, 12 മണിക്ക് പൊതുദര്‍ശനം

HIGHLIGHTS : Wayanad accident: The driver's statement that he did not press the brake

കല്‍പ്പറ്റ: വയനാട് തലപ്പുഴ കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തില്‍ ഡ്രൈവറുടെ മൊഴി പുറത്ത്. ബ്രേക്ക് കിട്ടാത്തതാണ് അപകടത്തിന് കാരണമെന്നാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡ്രൈവര്‍ മണി പൊലീസിന് മൊഴി നല്‍കിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചത്. അഞ്ച് പേര്‍ ചികിത്സയിലാണ്. ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ടുമണിയോടെ നടപടികള്‍ തുടങ്ങും. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല സര്‍ക്കാര്‍ എല്‍പി സ്‌കൂളിലേക്ക് എത്തിക്കും. 12 മണിക്ക് പൊതുദര്‍ശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

താഴ്ചയിലേക്ക് മറിഞ്ഞപ്പോള്‍ പലര്‍ക്കും തലയ്ക്ക് ക്ഷതമേറ്റു. ഇതാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. പാറയും വെള്ളവുമുള്ളിടത്തെ അപകടം രക്ഷപ്രവര്‍ത്തനത്തെയും ബാധിച്ചു.
ജീപ്പ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തലപ്പുഴയില്‍ വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ചിടും. മാനന്തവാടി താലൂക്കില്‍ ഇന്ന് നിച്ഛയിച്ചിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും മാറ്റിവച്ചു.

sameeksha-malabarinews

അത്യന്തം വേദനാജനകമായ സംഭവമാണുണ്ടായതെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കൂലിവേലക്കാരായ വളരെ പാവപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടായ ഉടനെ നാട്ടുകാരുടെ സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെത്തിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കും എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ച് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്‌കാര ചടങ്ങുകള്‍ക്ക് 10,000 രൂപ വീതം നല്‍കും. അപകട കാരണം സംബന്ധിച്ച് അന്വേഷിക്കേണ്ടത് പൊലീസും മോട്ടോര്‍ വാഹനവകുപ്പുമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ സംഭവസ്ഥലത്തുണ്ട്. ആര്‍ടിഒയും ജില്ലാ പൊലീസ് മേധാവിയും വേണ്ട നടപടികള്‍ സ്വീകരിക്കും. മരണത്തില്‍ അഘാതമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡ്രൈവര്‍ ഒഴികെ വാഹനത്തിലുണ്ടായിരുന്നവരെല്ലാം സ്ത്രീകളാണ്. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ഇതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്. മക്കിമല ആറാം നമ്പര്‍ മേഖലയില്‍ നിന്നുള്ളവരാണ് മരിച്ചവരെല്ലാം. അപകടത്തില്‍ പെട്ടത് ഡി ടി ടി സി കമ്പനിയിലെ തോട്ടം തൊഴിലാളികളാണ്. വൈകുന്നേരം മൂന്നരയോടെ തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!