വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിവസ്ത്രയാക്കി വീട്ടില്‍ കെട്ടിയിട്ടു; പ്രതിക്കായി തിരച്ചില്‍

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയെ ആശുപത്രിയിലേയ്ക്ക് മാറ്റി. കോഴിക്കോട്ടെ കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് ക്രൂര പീഡനത്തിരയായത്. പ്രതി കുണ്ടുതോട് സ്വദേശി ഉണ്ണിത്താന്‍കണ്ടി ജുനൈദി(22) നായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയെന്നും പെണ്‍കുട്ടി മൊഴിനല്‍കി. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഇന്നലെ പെണ്‍കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതി ജുനൈദിനായി അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായിട്ടില്ല.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് വിദ്യാര്‍ഥിനിയെ സമീപത്തെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. വിവസ്ത്രയാക്കി കയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു. കുണ്ടുതോട്ടിലെ പ്രതിയുടെ ആള്‍താമസമില്ലാത്ത വീടിന്റെ പൂട്ട് തകര്‍ത്താണ് തൊട്ടില്‍പ്പാലം പൊലീസ് വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തിയത്. കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കി. ഈ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം മൊഴിയെടുത്തു.

കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയെ ബുധനാഴ്ച രാവിലെയാണ് കാണാതായത്. ഉടന്‍ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി. ലഹരിക്കടിമയായ പ്രതി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രക്ഷിതാക്കള്‍ വിദേശത്തായതിനാല്‍ ഒറ്റയ്ക്കാണ് ജുനൈദ് വീട്ടില്‍ കഴിഞ്ഞിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top