
തിരൂർ : ആയുർവേദ ക്ലിനിക്കിന് ലൈസൻ സ് അനുവദിക്കാൻ തിരൂർ നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം കൈക്കൂലി വാങ്ങിയ താൽക്കാലിക വാച്ച്മാനെ വിജിലൻസ് സംഘം പിടികൂടി. തിരൂർ പയ്യനങ്ങാടി തുബിൽ ശിഹാബുദ്ദീനാണ് അറസ്റ്റിലായത്.
ആയുർവേദ വെൽനസ് കേന്ദ്രത്തിന് ലൈസൻസ് അനുവദിക്കണമെങ്കിൽ 10,000 രൂപ കൈക്കൂലി നൽകണമെന്ന് നഗര സഭാ ഹെൽത്ത് ഇൻസ്പെക്ടർ വി നോദ്, ജെഎച്ച്ഐ സതീശൻ എന്നിവർ ആവശ്യപ്പെട്ടെന്നാണ് വിജിലൻസിന് കന്മനം സ്വദേശി പരാതി നൽകിയത്. പണം ശിഹാബുദ്ദീന് നൽകാനായിരുന്നു നിർദേശം.
വിജിലൻസ് നിർദേശപ്രകാരം വെള്ളി വൈകിട്ട് ആറോടെ പരാതിക്കാരൻ നഗരസഭാ ഓഫീസിലെത്തി പണം കൈമാറി. ഈസമയം സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു. ശിഹാബുദ്ദീനെ കസ്റ്റഡിയിലെടുത്തു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർക്കായി ഓഫീസിൽ തിരച്ചിൽ നടത്തിയെങ്കിലും ഇവർ രക്ഷപ്പെട്ടു. രേഖകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മലപ്പുറം വിജിലൻസ് ഡിവൈ എസ്‌പി എം ഗംഗാധരന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ റിയാസ് ചാക്കിരി, റഫീഖ്, സന്ദീപ് കുമാർ, എസ്‌ഐമാരായ മധുസൂദനൻ, സതീശൻ, എഎസ്ഐമാരായ രത്നകുമാരി വിജയകുമാർ, സീനിയർ സിപിഒമാരായ രാജീവ്, ശ്രീജേഷ്, സുബിൻ, സിപിഒ വിക്ടർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.




