വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്‌കാരമല്ലെന്നും മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ ഗുരു പൂര്‍ണിമ എന്ന പേരില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ കണ്ണൂരിലും ഗുരുപൂജ നടന്നു. കണ്ണൂര്‍ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. പൂര്‍വ അധ്യാപകന്റെ കാല്‍ നിലവിലെ അധ്യാപകര്‍ കഴുകി. തുടര്‍ന്ന് വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചുവെന്നാണ് പരാതി.
വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകിക്കാനാവില്ലെന്നും അറിവും സ്വബോധവുമാണ് വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത്. ജാതി വ്യവസ്ഥയുടെ പേരില്‍ അക്ഷരം നിഷേധിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ നിന്നും പോരാടി നേടിയെടുത്ത അവകാശമാണ് വിദ്യാഭ്യാസം. ഈ അവകാശം ആരുടെ കാല്‍കീഴിലും അടിയറവ് വെക്കാന്‍ പാടില്ലെന്നും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കാത്ത ഏത് സിലബസില്‍ ഉള്ള സ്‌കൂളുകള്‍ ആണെങ്കിലും നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
അതെസമയം സ്‌കൂള്‍ സമയ മറ്റത്തെ കുറിച്ചുള്ള വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കോടതിയുടെ നിലപാടാണ് താന്‍ പറഞ്ഞതെന്നും ധിക്കാരപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദേഹം പറഞ്ഞു. കോടതിയില്‍ പറഞ്ഞതിന് അപ്പുറത്ത് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ആരുമായും ചര്‍ച്ച നടത്താന്‍ താന്‍ തയാറാണെന്നും സമയം അറിയിച്ചാല്‍ മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




