Section

malabari-logo-mobile

വിഴിഞ്ഞം തുറമുഖനിര്‍മാണം; പള്ളികളില്‍ കരിങ്കൊടി; പ്രതിഷേധവുമായി ലത്തീന്‍ അതിരൂപത

HIGHLIGHTS : Vizhinjam port construction; Black flags in churches; Latin Archdiocese in protest

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധം. അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തുറമുഖത്തിന് മുന്നില്‍ ഉപരോധ സമരവും തുടങ്ങും. ഏഴിന ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ കരിങ്കൊടി ഉയര്‍ത്തി.

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേള്‍ക്കാന്‍ തയാറാകണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പേരേര ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജനാധിപത്യപരമായി ചര്‍ച്ചയ്ക്ക് തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല.ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളില്‍ നടപടികള്‍ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പേരേര പറഞ്ഞു

sameeksha-malabarinews

തീരശോഷണത്തിന് കാരണം അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണമെന്നാണ് തീരദേശവാസികളുടെ ആരോപണം. ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല വിഴിഞ്ഞം തുറമുഖ നിര്‍മ്മമാണമെന്നും തുറമുഖ നിര്‍മ്മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും തീരദേശവാസികള്‍ ആരോപിക്കുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് തീരദേശത്ത് ഏതാണ്ട് 500 ഓളം വീടുകള്‍ കടലെടുത്തെന്ന് സമരക്കാര്‍ ആരോപിച്ചു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തീരദേശവാസികളുടെ സമരം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!