വിശാല്‍ മിശ്ര ആദ്യമായി മലയാളത്തിലേക്ക്; ‘പള്ളിച്ചട്ടമ്പി’യിലെ ഫസ്റ്റ് സിംഗിള്‍ ഫെബ്രുവരി 12ന്

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ സിംഗിള്‍ ഫെബ്രുവരി 12ന് പുറത്തിറങ്ങും. ജേക്ക്‌സ് ബിജോയ് സംഗീതം നല്‍കി ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ഗായകന്‍ വിശാല്‍ മിശ്ര മലയാളത്തില്‍ ആദ്യമായി ആലപിക്കുന്ന ‘കാട്ടുചെമ്പകം’ എന്ന ഗാനമാണ് ഫസ്റ്റ് സിംഗിള്‍ ആയി റിലീസ് ചെയ്യുന്നത്. വിശാല്‍ മിശ്രയോടൊപ്പം ആവണി മല്‍ഹാരും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നു.

ഗാനത്തിന്റെ വരികള്‍ കൈതപ്രത്തിന്റേതാണ്. 2025ലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘മിന്നല്‍വള’യ്ക്ക് ശേഷം ജേക്ക്‌സ് ബിജോയിയും കൈതപ്രവും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ഗാനമെന്ന പ്രത്യേകതയും ‘കാട്ടുചെമ്പക’ത്തിന്. അത് കൊണ്ട് തന്നെ ഈ കൂട്ടുകെട്ടില്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.

ബോളിവുഡിലും ദക്ഷിണേന്ത്യയിലും ഒരുപോലെ ശ്രദ്ധ നേടുന്ന ഗായകനായ വിശാല്‍ മിശ്ര, റിലീസിന് തയ്യാറെടുക്കുന്ന ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജനനായകന്‍’ലും ‘ഒരു പേരെ വരലാര്‍’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം ആലപിച്ചതും വിശാല്‍ മിശ്രയാണ്.

സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും ജേക്ക്‌സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ക്വീന്‍, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുന്‍ ചിത്രങ്ങളിലും ട്രെന്‍ഡിങ്ങായ ചാര്‍ട്ട്ബസ്റ്റര്‍ ഗാനങ്ങള്‍ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

തുടര്‍ച്ചയായി ഹിറ്റ് ട്രാക്കുകള്‍ മാത്രം സമ്മാനിച്ചുകൊണ്ടിരിക്കുന്ന ജേക്ക്‌സ് ബിജോയ് ഇപ്പോള്‍ മലയാള സിനിമയിലെ കറന്റ് സെന്‍സേഷനായ സംഗീത സംവിധായകനാണെന്നത് സംശയാതീതമായ കാര്യമാണ്. ഈയിടെ ആരാധകരുമായി സംവദിക്കുന്നതിനടയില്‍ ബോളീവുഡ് സൂപ്പര്‍ താരം രണ്‍ബീര്‍ കപൂറും ജേക്ക്സ് ബിജോയിയുടെ ‘ലോക’യിലെ മ്യൂസിക്കിനെ പറ്റി എടുത്ത് പറയുകയുണ്ടായതും ശ്രദ്ധേയമായിരുന്നു.

ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് ‘പള്ളിച്ചട്ടമ്പി’യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റര്‍ടൈന്മെന്റ് എന്ന ബാനറില്‍ ചാണുക്യ ചൈതന്യ ചരണ്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ‘പള്ളിച്ചട്ടമ്പി’ ഏപ്രില്‍ 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

 

 

Share news
error: Content is protected !!
Scroll to Top