കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ്സിന് മുന്നിലേക്ക് സൈക്കിളില്‍ വന്ന് തലകുത്തി വീഴുന്ന കുട്ടി തലനാരിഴക്ക് രക്ഷപ്പെടുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പതിനായിരങ്ങള്‍ കാണുമ്പോള്‍ നെഞ്ചിടിപ്പ് മാറാതെ ഒമ്പതുവയസ്സുകാരന്‍ ഷാദുവും കുടംബവും. തളിപ്പറമ്പ് സിഎച്ച്എംഎം എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷാദു റഹ്മാനാണ് ഇന്നലെ മുതല്‍ വൈറലായ വീഡിയോയില്‍ കാണുന്ന അത്ഭുത ബാലന്‍.
ഞായറാഴ്ച വൈകീട്ടാണ് ഇരട്ടി തളിപറമ്പ് റോഡിലെ താഴെ ചൊറുക്കള വെച്ച് അപകടമുണ്ടായത്. ജേഷ്ഠന്‍ ഇംദാദിന് എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് ലഭിച്ച സന്തോഷത്തില്‍ സമ്മാനമായി വാങ്ങിയ സൈക്കിള്‍ ഓടിക്കുകയായിരുന്നു ഷാദു. വീട്ടിന് മുന്നിലെ ഇറക്കത്തില്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് നേരെ റോഡിലേക്ക് കുതിച്ചിറങ്ങി. ഈ സമയത്ത് വേഗത്തില്‍ കടന്നുപോകുകയായിരുന്ന ഒരു ബൈക്കിലിടിച്ച് സൈക്കിളില്‍ വന്ന ഷാദു മറുവശത്തേക്ക് തെറിച്ചുവീണു. പിന്നാലെ കുതിച്ചുവന്ന കെഎസ്ആര്‍ടിസി ബസ് ഷാദിനെ തൊട്ടുതൊട്ടില്ല എന്ന നിലയില്‍ കടന്നുപോയി. ബസ് കയറിയിറങ്ങി സൈക്കിള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
തുടര്‍ന്ന് പകച്ച് നില്‍ക്കുന്ന ഷാദുവിന്റെ 14 സെക്കന്റുള്ള വീഡിയോ ആണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പതിനായിരങ്ങളാണ് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഈ വീഡിയോ കണ്ടത്. റോഡരികലെ മറ്റൊരു സിസിടിവിയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞത്.
അപകടത്തില്‍ ഷാദിന്റെ കാല് വിരലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അധ്യാപകനായ അബൂബക്കറിന്റെയും സൈനബയുടെയും കമനാണ് ഷാദു റഹ്മാന്‍.




