Section

malabari-logo-mobile

പുഴു അരിയ്ക്കുന്നതുപോലെ………സിനിമായെഴുത്ത് വിനോദ്കുമാര്‍ തള്ളശ്ശേരി

HIGHLIGHTS : Vinodkumar Thalassery writes about the Malayalam movie Puzhu

ഈയടുത്ത ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപെട്ടിട്ടുള്ള മലയാള സിനിമയാണ് ‘പുഴു’. സോണി ലൈവില്‍ കാണികളുടെ എണ്ണത്തില്‍ ഇതിനകം പുതിയ റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട് സിനിമ. സിനിമയെക്കുറിച്ച് വളരെ നല്ല നിരീക്ഷണങ്ങള്‍ വന്നിട്ടുണ്ട്. വളരെ അപൂര്‍വമായി ‘അറുബോറന്‍’ സിനിമ എന്നും വായിച്ചു.

വിനോദ് കുമാര്‍ തള്ളശ്ശേരി

ജാതി ഒരു കേന്ദ്രബിന്ദുവായി വന്നിട്ടുള്ള മലയാള സിനിമകള്‍ ഏറെയില്ല. ജാതിയുടെ പേരില്‍ ഏറെ അനീതികളും മാറ്റിനിര്‍ത്തലുകളും അനുഭവിച്ചിട്ടുള്ള കേരളത്തില്‍ പില്‍ക്കാലത്ത് ജാതി എന്നും ഒരു സ്വകാര്യതയാണ്. ശ്രീനാരായണഗുരുവും അയ്യങ്കാളിയുമൊക്കെ നേതൃത്വം നല്‍കിയ പ്രസ്ഥാനങ്ങള്‍ നടത്തിയിട്ടുള്ള ചെറുത്തുനില്‍പ്പുകള്‍ ഏറ്റെടുക്കാന്‍ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറായതോടുകൂടിയാണ് ഇത്തരം അനീതികള്‍ സമൂഹത്തില്‍ ഇല്ലാതായത്. എന്നാല്‍ ജാതി ഒരു പ്രശ്‌നം തന്നെയായി ഇന്നും നിലനില്‍ക്കുന്നുണ്ട് താനും.

sameeksha-malabarinews

എന്നാല്‍ അത് പ്രത്യക്ഷമല്ല, ഒട്ടും പ്രകടനപരമല്ല. വളരെ അപൂര്‍വമായി മാത്രമേ അത് പൊട്ടിത്തെറിക്കാറുള്ളൂ. ശബരിമല സമരകാലത്ത് ഒരു സാധാരണ വീട്ടമ്മ മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് പരസ്യമായി ആക്ഷേപിച്ചത് ഓര്‍ക്കാം. എന്നാല്‍ അത് ഏറെക്കുറെ ഒരു സ്വകാര്യ കുടുംബ പ്രശ്‌നമായി നിലനില്‍ക്കുന്നു. ദേഹത്ത് പുഴുവരിക്കുന്നത് പോലെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് ഇവിടെ ജാതി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ജാതിയുടെ പേരിലുള്ള ദുരഭിമാന കൊല മറന്നുകൊണ്ടല്ല ഇത് പറയുന്നത്.

സിനിമയുടെ തുടക്കത്തില്‍ തന്നെ നമ്മള്‍ കാണുന്നത് ജാതിയുടെ പേരിലുള്ള വിവേചനമാണ്. ജാതിയാണ് സിനിമയുടെ വിഷയം എന്ന് പറയാതെ പറയുകയാണിവിടെ. സിനിമയില്‍ ജാതിയെപറ്റി നേരിട്ടുള്ള പരാമര്‍ശങ്ങള്‍ ഇല്ല എന്ന് തന്നെ പറയാമെങ്കിലും ജാതി നിറഞ്ഞു നില്‍ക്കുന്നുണ്ട് താനും.

ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങള്‍ സമീപകാല കേരളത്തില്‍ വളരെ അപൂര്‍വം. ജാതി പരസ്യമായി പറഞ്ഞ് അധിക്ഷേപിക്കലുകള്‍ പോലും കുറവ്, രഹസ്യമായി സംഭവിക്കുന്നുണ്ടെങ്കിലും. പരസ്പരമുള്ള ഇടപെടലുകള്‍ക്കോ, സന്ദര്‍ശനങ്ങള്‍ക്കോ ഇവിടെ വിലക്കില്ല. ഇത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ മാറ്റമാണ്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ പോലും ജാതി എത്ര നീചമായാണ് നികൃഷ്ടമായാണ് സമൂഹത്തെ വിഭജിക്കുന്നത് എന്ന് നമ്മള്‍ കാണുന്നുണ്ട്.

ഇതിനൊരു മറുവശം കൂടിയുണ്ട്. ജാതി വളരെ ഗോപ്യമായി കൊണ്ടാടപ്പെടുന്നതു കാരണം ജാതിയ്‌കെതിരായ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ സംഭവിക്കുന്നില്ല. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ജാതിയുടെ പേരിലുള്ള അനാചാരങ്ങള്‍ നിര്‍ത്തലാക്കാന്‍ അടുത്ത കാലത്ത് നടന്ന സമരങ്ങളും ചെറുത്തുനില്‍പ്പുകളും നമ്മള്‍ കണ്ടതുമാണ്. കേരളത്തില്‍ അത്തരത്തിലുള്ള ഒരു സമരവും സംഭവിക്കാന്‍ സാദ്ധ്യതയില്ല.

സിനിമ വളരെ നല്ല ദൃശ്യാനുഭവം തരുന്നു എന്ന് നിസ്സംശയം പറയാം. വളരെ ഒതുക്കത്തില്‍ കയ്യടക്കത്തില്‍ തന്നെ കഥ പറഞ്ഞിരിക്കുന്നു. പിരിമുറുക്കം ചോര്‍ന്നുപോകാതെ. സിനിമയുടെ ആദ്യപകുതി കുറച്ച് ഇഴയുന്നുണ്ട്. പക്ഷേ ആ ഇഴച്ചില്‍ സിനിമയ്ക്ക് ആവശ്യമുണ്ട് എന്നാണ് എന്റെ തോന്നല്‍. പല സീനുകളുടേയും ഇടകലര്‍ന്ന വിന്യാസം വല്ലാത്ത ശക്തി പകരുന്നുണ്ട്. പ്രത്യേകിച്ചും പാര്‍വതി ചെയ്ത ഭാരതി എന്ന കഥാപാത്രം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്ന രംഗം കാണിച്ച രീതി വളരെ ഇഷ്ടപ്പെട്ടു. സംവിധായികയുടെ മികവ് തന്നെ.

പരീക്ഷിത് രാജാവിന്റേയും തക്ഷകന്റേയും കഥയാണ് കുട്ടപ്പന്‍ നാടകത്തില്‍ ചെയ്യുന്നത്. രാജാവായിട്ടും തക്ഷകനെ പേടിച്ച് ജീവിക്കേണ്ടിവരുന്നു, രാജാവിന്. എത്ര സുരക്ഷാ കവചങ്ങള്‍ ഒരുക്കിയിട്ടും ഒടുവില്‍ ഒരു പുഴുവിന്റെ കടിയേറ്റ് മരിക്കേണ്ടിയും വരുന്നു. സിനിമയിലെ രാജാവും ഭയത്തിന്റെ നിഴലിലാണ് ഓരോ നിമിഷവും ജീവിക്കുന്നത്. പുതിയ കാലത്ത് കിട്ടുന്ന എല്ലാ കവചങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കുകയും ചെയ്യുന്നു.

മമ്മൂട്ടിയുടെ പ്രകടനം ഗംഭീരം എന്ന് തന്നെ പറയണം. വികാരപ്രകടനങ്ങളിലെ ആധിക്യം ഇല്ലാത്ത കഥാപാത്രമാണ്, കുട്ടന്‍. ദേഷ്യം വരുന്ന രംഗം പോലും വിരളം. ദേഷ്യം പിടിച്ചു നിര്‍ത്തി ശാന്തത അഭിനയിക്കുന്ന കഥാപാത്രം. അമ്മയുടെ മുന്നില്‍ സ്വയം ഒരു കുട്ടിയായി മാറി നിസ്സഹായത കാണിക്കുന്ന കഥാപാത്രം. കാര്‍ക്കശ്യത്തിന്റെ ആള്‍രൂപം ആണെങ്കില്‍ പോലും സൗമ്യനാണെന്ന് നടിക്കുന്ന കഥാപാത്രം. എന്നാല്‍ തികഞ്ഞ ക്രൂരനുമാണ്. തന്റെ ഓക്‌സിജന്‍ മാസ്‌കില്‍ കാര്‍ബണ്‍ മോണൊക്‌സിഡിന്റെ അംശമുണ്ടോ എന്ന് പരിശോധിക്കുന്നത് അത് ഒരു നായയില്‍ പരീക്ഷിച്ചുകൊണ്ടാണ്. നായ ചത്തതു കണ്ട് സ്വയം ഉറപ്പുവരുത്തി നിസ്സംഗനായി തിരിച്ചു നടക്കുന്നു. (ഒരര്‍ത്ഥത്തില്‍ കപടനാട്യക്കാരനായ മലയാളിയുടെ നേര്‍ക്കാഴ്ചയാണ് കുട്ടന്‍ എന്ന് തോന്നിപ്പോകുന്നു.)

കുട്ടന്‍ ഇങ്ങനെ അഭിനയിക്കുമ്പോള്‍ അതിന്റെ സംഘര്‍ഷം മുഖത്ത് തെളിയുന്നുണ്ട്. കുട്ടന്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ വളരെ കൃത്യമായി കാണിക്കാന്‍ മമ്മൂട്ടി എന്ന നടന് കഴിയുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍. പാളിപ്പോകാന്‍ തികച്ചും സാദ്ധ്യതയുള്ളവ. ഇത്തരത്തിലൊരു കഥാപാത്രം ചെയ്യാന്‍ സാധാരണ പ്രതിഭ പോര. കഥാപാത്രത്തിന്റെ ഉള്ളിലുള്ള സംഘര്‍ഷങ്ങള്‍ നടന്റെ മുഖത്ത് നിന്ന് കൃത്യമായി വായിച്ചെടുക്കാന്‍ കഴിയുന്നു. മമ്മൂട്ടിയുടെ കഥാപാത്രം മനസ്സില്‍ നിന്ന് എളുപ്പം മറഞ്ഞുപോകില്ല, തീര്‍ച്ച. ഈ രംഗങ്ങളെ ഇത്ര മികവുറ്റതാക്കിയത് പശ്ചാത്തല സംഗീതം കൂടിയാണെന്ന് പറയാതെ വയ്യ. ജെയ്ക് ബിജോയ്ക്ക് ഒരു സല്യൂട്.

അപ്പുണ്ണി ശശി ചെയ്ത കുട്ടപ്പന്‍ നട്ടെല്ലുള്ള കഥാപാത്രമാണ്. ജാതിയുടേയും തൊലിയുടെ നിറത്തിന്റേയും കാരണം കൊണ്ട് താന്‍ അനുഭവിക്കുന്ന തിരസ്‌കരണങ്ങള്‍ ഒട്ടും കൂസാതെയാണ് അയാള്‍ നേരിടുന്നത്. പലപ്പോഴും ചിരിച്ചു കൊണ്ട്. എന്നാല്‍ അതിനോട് സന്ധി ചെയ്യാന്‍ തയ്യാറല്ല താനും. ജീവിത പങ്കാളിയുടെ ബ്രാഹ്മണനും ഐ. പി. എസ് ഓഫീസറുമായ സഹോദരന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ പോലും തല ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്, അയാള്‍. അപ്പുണ്ണി ശശിയുടെ പ്രകടനം ആ കഥാപാത്രത്തെ ഉയര്‍ത്തി കാണിക്കുന്നു.

കിച്ചുവായി വന്ന വാസുദേവ് സജീഷും നല്ല കൈയടി അര്‍ഹിക്കുന്നു. ഉള്ളില്‍ പേടിയും വെറുപ്പും നിറയുമ്പോഴും അഛനോട് അഭിനയിക്കാന്‍ നിര്‍ബ്ബന്ധിതനാവുന്ന കഥാപാത്രം. പാര്‍വതിയ്ക്ക് വലിയ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒന്നുമില്ല സിനിമയില്‍. കുഞ്ചന്‍ ചെയ്ത കഥാപാത്രം ചെറുതാണെങ്കിലും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു.

തിരക്കഥ രചിച്ച ഹര്‍ഷദ്, ഷറഫു, സുഹാസ് എന്നിവര്‍ക്ക് അഭിമാനിക്കാം. ആദ്യമായി സംവിധാനം ചെയ്യുകയായിട്ടും വളരെ കൈയടക്കത്തോടെ സിനിമ ചെയ്ത രത്തിനിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. തികച്ചും വ്യത്യസ്തമായ ഒരു വിഷയം ഇത്ര ശക്തമായി അവതരിപ്പിച്ചതിന്.

ഒടുവില്‍ ഒരു സംശയം മാത്രം ബാക്കി നില്‍ക്കുന്നു. സിനിമയുടേ അവസാന രംഗത്തിനു മുമ്പുള്ള രംഗം കാണുമ്പോള്‍ പ്രത്യേകിച്ചും. ഇത്ര തീവ്രമായ ജാതി ചിന്ത കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടോ?

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!