Section

malabari-logo-mobile

സമം വനിത ചിത്രകലാ ക്യാമ്പില്‍ ശ്രദ്ധേയയായി അങ്ങാടിപ്പുറം സ്വദേശിനി വിനിഷ

HIGHLIGHTS : Vinisha, a native of Angadipuram, was notable in the Samam Women's Painting Camp

‘സ്ത്രീ സമൂഹത്തിനായി സാംസ്‌കാരിക മുന്നേറ്റം’ എന്ന സന്ദേശവുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പ് കോട്ടയത്ത് സംഘടിപ്പിച്ച ‘സമം’ ചിത്രകലാ ക്യാമ്പിന്റെ ഭാഗമായതിന്റെ ആഹ്ലാദത്തിലാണ് അങ്ങാടിപ്പുറത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥിനിയായ വിനിഷ. പേശികളുടെ ശക്തി തിരിച്ചുകിട്ടാത്തവിധം ക്രമേണ കുറഞ്ഞുവരുന്ന സ്പൈനല്‍ മസ്‌കുലര്‍ അസ്ട്രോഫിയെന്ന ജനിതക രോഗ ബാധിതയായ വിനിഷയുടെ ചിത്രങ്ങളില്‍ നിറയുന്നത് പ്രത്യാശയുടെ നിറങ്ങളാണ്. ഭിന്നശേഷിക്കാരായ അഞ്ച് പേരുള്‍പ്പെടെ ഇരുപത്തിയഞ്ച് കലാകാരികളാണ് ‘സമം’ ക്യാമ്പിന്റെ ഭാഗമായത്.

തുടര്‍ച്ചയായി ഇരിക്കാനോ അധികനേരം പെയിന്റിംഗ് ബ്രഷ് പിടിക്കാനോ സാധിക്കില്ലെങ്കിലും പരിമിതികളെ ചിത്രരചനയിലൂടെ മറികടക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെ വിനിഷയിലെ കലാകാരിയെ തിരിച്ചറിഞ്ഞതും ആദ്യമായി പരിശീലനം നല്‍കിയതും അങ്ങാടിപ്പുറം സെന്റ് മേരീസ് സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ സുരേഷ് ബാബുവാണ്. യൂട്യൂബിലടക്കം നോക്കിയാണ് പിന്നീട് ചിത്രകല പഠിച്ചത്. പെന്‍സില്‍ ഡ്രോയിങ്, അക്രലിക് പെയിന്റിംഗ്, ഓയില്‍ പെയിന്റിംഗ് എന്നിവയിലാണ് വിനിഷയ്ക്ക് താല്പര്യം. വിനിഷയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് കുടുംബാംഗങ്ങളും ഒപ്പമുണ്ട്.

sameeksha-malabarinews

മുഴുവന്‍ സമയവും വീല്‍ ചെയറില്‍ ചെലവഴിക്കുന്ന വിനീഷയുടെ ക്യാന്‍വാസില്‍ നിറയുന്നത് പ്രകൃതിയുടെ മനോഹാരിതയാണ്. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗബാധിതരായവരുടെ കൂട്ടായ്മയായ മൈന്‍ഡ് എന്ന ഗ്രൂപ്പിലൂടെയാണ് ചിത്രകലാ ക്യാമ്പിനെക്കുറിച്ച് അറിഞ്ഞത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വിനീഷയ്ക്ക് മറക്കാനാകാത്ത നിമിഷങ്ങളാണ് കോട്ടയത്തേക്കുള്ള യാത്രയും സമം ക്യാമ്പും നല്‍കിയതെന്ന് അമ്മ സരസ്വതി പറഞ്ഞു.

കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലാണ് വിനിഷ ചികിത്സ തേടുന്നത്. ഇപ്പോള്‍ വിദൂരവിദ്യാഭ്യാസം വഴി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹിസ്റ്ററിയില്‍ ബിരുദ പഠനം നടത്തുകയാണ് വിനിഷ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!