വിമോചന സമരത്തിന്റെ ഭൂതം ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടികൂടുമ്പോള്‍

എഴുത്ത് വി.കെ. ജോബിഷ്
ഈ ദിവസമാണത് . ഇന്ത്യാചരിത്രത്തിലെ, കേരളചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളില്‍ ഒന്ന്. 1959 ജൂലൈ 31. ആയിരത്തി തൊള്ളായിരത്തി അന്‍പത്തിഒമ്പത്തില്‍ നിന്നും രണ്ടായിരത്തി പത്തൊമ്പതിലേക്ക് നയിച്ച മത,സാമുദായിക രാഷ്ട്രീയം ഇന്ത്യന്‍ ഭൂപടത്തിലാകെ പടര്‍ന്നു കയറിയതിന്റെ ആദ്യ തുള്ളികള്‍. അതിന് നേതൃത്വം കൊടുത്തതാകട്ടെ ഇതേ കാരണം കൊണ്ട് ഇപ്പോള്‍ ഇന്ത്യയില്‍നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന,സ്വയം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസും.!

അതെ.ഇന്നാണ് ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേരള മന്ത്രിസഭയെ പുറത്താക്കിയ ദിവസം. 1957 ഏപ്രില്‍ 5 നും1959 ജൂലൈ 31 നും ഇടയ്ക്കുള്ള 28 മാസം മാത്രം അധികാരത്തിലിരുന്ന ഇഎംഎസ് സര്‍ക്കാരിനെ. ലോകഭൂപടത്തില്‍ത്തന്നെ അപൂര്‍വ്വമായതുകൊണ്ടാണ് ആ സര്‍ക്കാറിനെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം ഒരേസമയം പ്രാദേശികവും അന്തര്‍ദേശീയവുമായിത്തീര്‍ന്നത്.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ് അന്നൊരിക്കല്‍ പത്രസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞു. ‘ഇന്ത്യയിലും ഇന്തോനേഷ്യയിലും പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റുകാര്‍ നേടിയ വിജയങ്ങള്‍ അപകടകരമായ പ്രവണതയാണ്.’
അതെ.തങ്ങളുടെ വര്‍ഗ്ഗാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ ഭരണകൂടം എന്ന് മറ്റൊരറ്റത്തുനിന്ന് അപ്പോള്‍ത്തന്നെ തിരിച്ചറിഞ്ഞവര്‍.!

ഭൂവുടമാ ബന്ധങ്ങളില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ആധുനിക ഇന്ത്യയ്ക്ക് മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് തിരിച്ചറിഞ്ഞ ആദ്യ ഭരണകൂടമായിരുന്നു ഇഎംഎസിന്റെത്. അതുകൊണ്ടാണ് സത്യപ്രതിജ്ഞ കഴിഞ്ഞ് ആദ്യം നടത്തിയ പ്രഖ്യാപനം കുടിയൊഴിപ്പിക്കല്‍ തടഞ്ഞുകൊണ്ടുള്ളതായത്. അധികാരമേറ്റു ഒരാഴ്ചയ്ക്കകം, അതായത് എപ്രില്‍ 11 ന്. അതിന്റെ തുടര്‍ച്ചയായിരുന്നു ഭൂപരിഷ്‌കരണ ബില്‍. തുടര്‍ന്ന് ‘കേരളമോഡല്‍ ‘എന്ന് പില്‍ക്കാലത്ത് പ്രസിദ്ധമായ വികസനമാതൃകകള്‍ക്ക് തുടക്കം കുറിച്ച വിവിധ പരിപാടികളും പദ്ധതികളും. വിദ്യാഭ്യാസ മേഖലയിലെയും, കാര്‍ഷിക മേഖലയിലെയും ആരോഗ്യമേഖലയിലെയും സമഗ്രമായ പരിഷ്‌കരണങ്ങള്‍. ഇതെല്ലാം പൂര്‍ണ്ണമായും അന്നുവരെയുണ്ടായിരുന്ന സാമ്പത്തിക സാമൂഹ്യ,അധികാര,താല്പര്യങ്ങള്‍ക്ക് എതിരായിരുന്നു. സാമുദായിക നേതാക്കന്മാരുടെ കീഴില്‍ നിസ്സഹായരായിപ്പോയ മനുഷ്യരെല്ലാം ഉയര്‍ത്തെഴുന്നേറ്റ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. പക്ഷേ ആ ദിവസങ്ങള്‍ക്ക് അധികകാലം ആയുസ്സുണ്ടായില്ല. അല്ല ഉണ്ടാക്കിയില്ല.

ജന്മിമാരും മാടമ്പിമാരും മുതലാളിമാരും ആ സര്‍ക്കാരിനെതിരായിത്തീര്‍ന്നത് സ്വാഭാവികം. അതില്‍ ആര്‍ക്കും അത്ഭുതമുണ്ടാവില്ല.
പക്ഷേ കോണ്‍ഗ്രസ്!
കോണ്‍ഗ്രസ് എതിരായിത്തീര്‍ന്നത് എന്തിനായിരുന്നു.?
അധികാരം, അധികാരത്തിനു വേണ്ടി മാത്രം. അധികാരം പിടിക്കാന്‍ അമേരിക്കയെവരെ കൂട്ടുപിടിച്ച നെറികെട്ട രാഷ്ട്രീയം.!
വെറുതെ പറഞ്ഞതല്ല. പില്‍ക്കാലത്ത് അതൊക്കെ ഓരോന്നായി തെളിഞ്ഞു വന്നിട്ടുണ്ട്.ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ആയിരുന്ന ഡാനിയല്‍ പാട്രിക് മേയ്നിഹാന്‍ ഇക്കാര്യം A Dangerous place എന്ന തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. അതിങ്ങനെ.
‘We had twice, but only twice, interfered in Indian politics to the extent of providing money to a political party. Both times this was done in the face of a prospective communist victory in state elections, once in Kerala once in West Bengal , where Kolkata is located. Both times the money was given to the the Congress party which had asked for it’.
അന്ന് ഇതിനൊക്കെ നേതൃത്വം കൊടുത്ത പലരും പില്‍ക്കാലത്ത് പശ്ചാത്തപിക്കുന്നത് കണ്ടിട്ടുണ്ട്.പക്ഷേ ആ പശ്ചാത്താപം കൊണ്ട് കഴുകിക്കളയാവുന്ന തരത്തില്‍ ചെറുതായിരുന്നില്ല അതിന്റെ അനന്തരഫലങ്ങള്‍. അത് രാഷ്ട്രം മുഴുവന്‍ പടര്‍ന്നു കഴിഞ്ഞു.അതിലൊന്നായിരുന്നു സമുദായ രാഷ്ട്രീയം. അതിന്റെ ഭീതിതരൂപമായ ഹിന്ദുത്വ പൊളിറ്റിക്‌സ് ഇന്ന് ആ കോണ്‍ഗ്രസിനെത്തന്നെ വിഴുങ്ങിതീര്‍ത്തുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ‘ജനാധിപത്യത്തിന്റെ’ മുനമ്പിലിരുന്നാണ് ഈ ദിവസത്തിന്റെ ഓര്‍മ്മയെപ്പോലും ഞാന്‍ വായിക്കാനെടുക്കുന്നത്.

ഇന്നത്തെ വൈകുന്നേരത്തെക്കുറിച്ച് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ എഴുതിയിരുന്നു.
‘അന്നു വൈകീട്ട് ഗവര്‍ണര്‍ ബി രാമകൃഷ്ണറാവു അടിയന്തര സന്ദേശം അയച്ച് ഞങ്ങളെ എല്ലാവരെയും വിളിപ്പിച്ചു. രാജ്ഭവനില്‍ ഞങ്ങള്‍ക്ക് ചായ പകര്‍ന്നു തന്നു. ശേഷം അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സര്‍ക്കാര്‍ ഇല്ലാതാവാന്‍ പോവുകയാണെന്ന്. പിറ്റേന്ന് ഇ എം എസിനും മന്ത്രിസഭാംഗങ്ങള്‍ക്കും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്മാരുടെ യാത്രയയപ്പ് ആയിരുന്നു. ഉജ്ജ്വലമായ ഉപസംഹാര പ്രസംഗത്തില്‍ ഞങ്ങളുടെ സര്‍ക്കാര്‍ ഇന്ന് പോവുകയാണെന്ന് ഇ എം എസ് പ്രഖ്യാപിച്ചു.പക്ഷേ ജനങ്ങളിലേക്കാണ് പോകുന്നത്. അവിടെ നിന്ന് വീണ്ടും മന്ത്രിസഭയുണ്ടാക്കാന്‍ ഞങ്ങള്‍ മടങ്ങിവരും. ഉറച്ച സ്വരത്തില്‍ ഇഎംഎസ് പറഞ്ഞു.’
അതെ ജനങ്ങളിലേക്ക്. ഇടതുപക്ഷം ജനങ്ങളിലേക്ക് തന്നെ മടങ്ങിപ്പോയി. പിന്നീട് നടന്ന വോട്ടെടുപ്പില്‍ 57 ലേതിനേക്കാള്‍ നാല് ശതമാനം വോട്ട് അവര്‍ക്ക് കൂടി.പക്ഷേ കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും സമുദായങ്ങളിലേക്ക് തന്നെ മടങ്ങിപ്പോയി. സമുദായങ്ങള്‍ ഇല്ലാതെ ,വര്‍ഗീയത ഇല്ലാതെ നിയമനിര്‍മ്മാണ സഭകളിലേക്ക് പിന്നീടവര്‍ക്ക് ഒരിക്കലും തിരിച്ചുവരാന്‍ കഴിയാതായി. പില്‍ക്കാലത്ത് ഇടതുപക്ഷത്തിന് പോലും ഇതേ സമുദായങ്ങളെ കുറച്ചെങ്കിലും പരിഗണിക്കേണ്ട ഗതികേട് ഉണ്ടായി എന്നത് മറ്റൊരു ചരിത്രം.!

കേരളത്തിലെ അന്നത്തെ കോണ്‍ഗ്രസുകാരുടെ അരാജകത്വത്തെ അംഗീകരിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുക വഴി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനാക്രമത്തിന്റെ തകര്‍ച്ചയുടെ തുടക്കമായിരുന്നു എന്ന് പിന്നീട് വി ആര്‍ കൃഷ്ണയ്യര്‍ എഴുതിയിരുന്നു.
അന്നത്തെ പ്രതിപക്ഷത്തോട് ഇഎംഎസ് ഇങ്ങനെ പറഞ്ഞിരുന്നു. ‘പ്രതിപക്ഷമായി നിന്നുകൊണ്ട് ഞങ്ങളുടെ ഗവണ്‍മെന്റ്‌നെ വിമര്‍ശിക്കുക. അവതരിപ്പിക്കുന്ന നയങ്ങളിലും എടുക്കുന്ന നടപടികളിലും ഉള്ള പോരായ്മകള്‍ ചൂണ്ടിക്കാണിക്കുക. ഗവണ്‍മെന്റ് കൂട്ടായോ ഏതെങ്കിലും മന്ത്രിയോ വ്യക്തിപരമായ ചെയ്യുന്ന അന്യായങ്ങളെയും അനീതികളെയും നെറികേടുകളെയും തുറന്നു കാണിക്കുക. ഇതെല്ലാം ചെയ്യുന്നത് പാര്‍ട്ടികളുടെയും സംഘടനകളുടെയും കടമയാണ്.അതിനെ ഞങ്ങള്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ സ്വാഗതം ചെയ്യും.’
പക്ഷേ അതല്ല ഉണ്ടായതെന്ന് ചരിത്രം. ജാതിമതസംഘടനകളെ സംഘടിപ്പിച്ച് കോണ്‍ഗ്രസ്, കേരളത്തെ എക്കാലത്തേക്കുമായി പിന്നിലേക്ക് കൊണ്ടുപോവുകയും അരാഷ്ട്രീയമാക്കുകയും ചെയ്തു.
പക്ഷേ ഇന്നോ.?
പ്രതിപക്ഷത്തുനിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്തെങ്കിലും ശബ്ദം ഉണ്ടോ.?
ഉണ്ടെങ്കില്‍ തന്നെ അതിന് അനുമതി ഉണ്ടോ.? സമുദായ രാഷ്ട്രീയം ആള്‍ക്കൂട്ട കൂട്ടകൊലപാതകമായും ഏകാധികാരവുമായും മറ്റും ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിലസി കൊണ്ടിരിക്കുകയല്ലേ.! ബാക്കിയായ കോണ്‍ഗ്രസില്‍നിന്ന് എന്തെങ്കിലും ശബ്ദം ഇതിനെതിരായി ആരെങ്കിലും കേള്‍ക്കുന്നുണ്ടോ.!

വിമോചന സമരം കൊടുമ്പിരികൊള്ളുമ്പോള്‍ ഇക്കണോമിക്‌സ് വീക്കിലി 1959 ജൂണ്‍ 27ന് ഒരു ആര്‍ട്ടിക്കിള്‍ എഴുതിയിരുന്നു. അതവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. കോണ്‍ഗ്രസിനുവേണ്ടി കോണ്‍ഗ്രസിനാല്‍ തെരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസ് ഭരണമാണ് ജനാധിപത്യം എന്ന് മാറ്റി എഴുതരുത് എന്ന്.
പക്ഷേ കോണ്‍ഗ്രസ് ഈ ദിവസം ചരിത്രത്തില്‍ അങ്ങനെത്തന്നെ എഴുതി വെച്ചു. കോണ്‍ഗ്രസിന്റെ ‘ജനാധിപത്യം.’!
ഇന്നിപ്പോള്‍ ബിജെപിയും അങ്ങനെതന്നെ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. ബിജെപിക്ക് വേണ്ടി മാത്രമുള്ള ജനാധിപത്യം രാഷ്ട്രം മുഴുവന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
അതെ,
പ്രതിപക്ഷങ്ങളെല്ലാം പ്രതികളായിക്കൊണ്ടിരിക്കുന്ന ഇരുണ്ടകാലം.!
ഒറ്റ തിരഞ്ഞെടുപ്പും ഒറ്റ രാഷ്ട്രീയവും ഒറ്റരാജ്യവും. വിമോചനസമരത്തിന് നേതൃത്വം കൊടുത്ത, ഇപ്പോഴും അതിനെ തള്ളിപ്പറയാത്ത ഫാസിസ്റ്റ് രാഷ്ട്രീയത്തിനെ ഒറ്റ വാക്കുകൊണ്ട് പോലും മുറിവേല്‍പ്പിക്കാത്ത ബാക്കിയായ ചില കോണ്‍ഗ്രസുകാര്‍ക്കൊപ്പം നമുക്കും കാത്തിരുന്ന് കാണാം.

Related Articles