കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കാലിക്കറ്റിലെ പ്ലേസ്മെൻ്റ് ആന്റ് ട്രെയിനിംഗ് സെന്ററിന് 18 ലക്ഷം നൽകി ഫെഡറൽ ബാങ്ക്

കാലിക്കറ്റിലെ പ്ലേസ്മെൻ്റ് ആന്റ് ട്രെയിനിംഗ് സെന്ററിന് 18 ലക്ഷം നൽകി ഫെഡറൽ ബാങ്ക്

വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകി മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കാനും അവരെ തൊഴിൽ ദാതാക്കളായി മാറ്റിയെടുക്കാനും സർവകലാശാലകൾക്ക് കഴിയണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും വിദ്യാർഥികൾക്കായി ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ ആരംഭിക്കുന്ന പ്ലേസ്മെൻ്റ് ആന്റ് ട്രെയിനിംഗ് സെൻ്ററിന് ബാങ്ക് നൽകിയ 18 ലക്ഷം രൂപയുടെ സഹായം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ചാൻസലർ കൂടിയായ ഗവർണർ. ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡണ്ട് ടി. അനൂപ് 18 ലക്ഷം രൂപയുടെ ചെക്ക് ചാൻസലർക്ക് കൈമാറി. ചടങ്ങിൽ വൈസ് ചാൻസലർ ഡോ പി. രവീന്ദ്രൻ, രജിസ്ട്രർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. അബ്രഹാം ജോസഫ്, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രഡിഡന്റും തിരുവനന്തപുരം സോണൽ മേധാവിയുമായ കെ.വി. ഷിജു, ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് കവിത കെ. നായർ, അസോസിയേറ്റ് വൈസ് പ്രസിഡണ്ടുമാരായ പി.ടി. മുഹമ്മദ് ഷാഫി, അനീസ് അഹമ്മദ്, സീനിയർ മാനേജർ കെ. അമർ അശോക് എന്നിവർ പങ്കെടുത്തു. കാലിക്കറ്റ് സർവകലാശാലയിലെ ടാഗോർ നികേതൻ കെട്ടിടത്തിലായിരിക്കും സെൻ്ററിൻ്റെ ആസ്ഥാനം. സർവകലാശാലാ ക്യാമ്പസിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും വിദ്യാർഥികൾക്ക് സെൻ്ററിൽ രജിസ്റ്റർ ചെയ്യാം. വർഷത്തിലുടനീളം ട്രെയിനിങ്ങും തൊഴിൽ മേളകളും സംഘടിപ്പിക്കും. വിദ്യാർഥികൾക്ക് ജോലിക്കും ഇൻ്റേൺഷിപ്പിനുമായി പോർട്ടലും തുടങ്ങും.

മികച്ച സൗകര്യങ്ങളൊരുക്കാന്‍ സര്‍വകലാശാല സ്വകാര്യ സഹകരണം തേടുന്നു

വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമിക് സൗകര്യങ്ങളും പരിശീലനകേന്ദ്രങ്ങളുമൊരുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സഹകരണം തേടുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെ മികവുയര്‍ത്താനാണ് ശ്രമമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള ആദ്യ പദ്ധതിയാണ് ഫെഡറല്‍ ബാങ്കുമായി സഹകരിച്ചുള്ള പ്ലേസ്‌മെന്റ് ആന്റ് ട്രെയിനിങ് സെന്റര്‍. മൂന്നുമാസത്തിനകം ഇത് യാഥാര്‍ഥ്യമാകും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലാ കാമ്പസില്‍ താമസിച്ച് ലാബുകളും ലൈബ്രറികളും ഉപയോഗപ്പെടുത്താനും ഗവേഷണ മേഖല പരിചയപ്പെടാനും സൗകര്യം നല്‍കുന്ന സ്റ്റുഡന്റ്‌സ് സെന്ററാണ് പരിഗണനയിലുള്ള മറ്റൊരു പദ്ധതി. വിദേശരാജ്യങ്ങളുടേതിന് സമാനമായി ഫെസിലിറ്റി സെന്ററും സ്ഥാപിക്കേണ്ടതുണ്ട്. വന്‍കിട സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും പൂര്‍വവിദ്യാര്‍ഥികളുടേത് ഉള്‍പ്പെടെയുള്ള സ്വകാര്യ വ്യക്തികളുടെ സംഭാവനകളുമെല്ലാം ഇതിലേക്ക് പ്രയോജനപ്പെടുത്തുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

പരീക്ഷ

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ / അഫിലിയേറ്റഡ് കോളേജ് വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ ( CBCSS – UG, CUCBCSS – UG ) വിവിധ യു.ജി. ഏപ്രിൽ 2026, ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് 07-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എഡ്. ( 2022 മുതൽ 2025 വരെ പ്രവേശനം ) ഡിസംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.

Share news
error: Content is protected !!
Scroll to Top