
തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന് നാന്ദികുറിച്ചുകൊണ്ട് തിങ്കളാഴ്ച കൊടിയേറും. പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും ഇതോടനുബന്ധിച്ച് പൂരപ്പതാകകൾ ഉയരും. ഏപ്രിൽ 26-നാണ് ഇത്തവണത്തെ തൃശൂർ പൂരം.
തിരുവമ്പാടി ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ 11-നും 11.30-നും ഇടയിലാണ് കൊടിയേറ്റം. തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൂരം പുറപ്പാട് നടക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റുന്ന ഒരാനപ്പുറത്തുള്ള എഴുന്നള്ളിപ്പ് നായ്ക്കനാലിൽ എത്തിയ ശേഷം നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയർത്തും. തുടർന്ന് വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച് നടുവിൽ മഠത്തിൽ ആറാട്ടോടെ ചടങ്ങുകൾ പൂർത്തിയാകും.
പാറമേക്കാവ് ക്ഷേത്രത്തിൽ 11.30-നാണ് കൊടിയേറ്റം. വലിയപാണിക്കുശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കിയാണ് ദേശക്കാർ കൊടി ഉയർത്തുക. പാറമേക്കാവ് കാശിനാഥൻ തിടമ്പേറ്റുന്ന അഞ്ച് ആനകളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പിന് ശേഷം വടക്കുന്നാഥന്റെ ചന്ദ്രപുഷ്കരണിയിൽ ആറാട്ട് നടക്കും. ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികൾ ഇതോടൊപ്പം ഉയരും. കണിമംഗലം ശാസ്താവ് മുതൽ നെയ്തലക്കാവ് ഭഗവതി വരെയുള്ള എട്ട് ഘടകക്ഷേത്രങ്ങളിലും തിങ്കളാഴ്ച രാവിലെയും വൈകിട്ടുമായി കൊടിയേറ്റം പൂർത്തിയാകുന്നതോടെ നഗരം പൂർണ്ണമായും പൂരലഹരിയിലേക്ക് അമരും.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




