Section

malabari-logo-mobile

ചിറ്റലപ്പള്ളിക്ക് വീഗാലാന്റില്‍ വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിജേഷിന്റ മറുപടി

HIGHLIGHTS : “പ്രിയപ്പെട്ട കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി, നന്ദി കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി സര്‍ , ഈ അപകടം നടന്നത് വീഗാലാന്‍ഡിലാണു എന്നു സമ്മതിച്ചതിനും, അങ്ങയുടെ...

1468731_752536534759984_1875422748_n (1)കൊച്ചി :വീഗാലാന്റ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡിനിടെ അപകടം സംഭവിച്ച് കിടപ്പിലായ വിജേഷ് വിജയന്‍ മദ്യപിച്ചിരുന്നതിനാലാണെന്ന വീഗാലാന്‍ഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റലപ്പള്ളിയുടെ വിശദീകരണത്തിന് ഫെയ്‌സ് ബുക്കിലൂടെ വിജേഷിന്റെ മറുപടി.

തനിക്കുണ്ടായ അപകടം മദ്യപിച്ചാണെന്ന വാദം കെട്ടിച്ചമച്ചതാണെന്നും, തനിക്ക് പരിക്കേറ്റതിന് ശേഷം പ്രാഥമികചികിത്സ നല്‍കാന്‍ യാതൊരു മെഡിക്കല്‍ സംവിധാനവും അവിടെയുണ്ടായിരുന്നില്ലെന്നും വിജേഷ് വാളില്‍ കുറിച്ചിടുന്നു. വിജേഷിന്റെ ഫെയ്‌സ് ബുക്ക് വാളിലെ മറുപടിയുടെ പൂര്‍ണ്ണരൂപം,

sameeksha-malabarinews

Vijesh Vijayan .

“പ്രിയപ്പെട്ട കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി,
നന്ദി കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി സര്‍ , ഈ അപകടം നടന്നത് വീഗാലാന്‍ഡിലാണു എന്നു സമ്മതിച്ചതിനും, അങ്ങയുടെ വിശദീകരനക്കുറിപ്പില്‍ എന്റെ പേരു പരാമര്‍ശിച്ചതിനും ഒരു പാടു നന്ദി. തളര്‍ന്നു കിടക്കുന്ന ഈ അവസ്ഥയില്‍ , എന്റെ ജീവിതത്തിലിനി അധിക നാളുകള്‍ അവശേഷിച്ചിട്ടില്ല എന്നെനിയ്ക്കറിയാം. കുറഞ്ഞപക്ഷം ചിലരെങ്കിലും അറിയുമല്ലോ വിജേഷ് വിജയന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു എന്നും അവന്‍ തന്റെ വിധിയോടു മല്ലടിച്ചുകൊണ്ട്, അവന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പോരാട്ടങ്ങളില്‍ ഉറച്ചുനിന്നു എന്നും.

ഞാനെന്റെ കഥ വിശദീകരിയ്ക്കാം.

“ബക്കറ്റ് ഷവര്‍ “ എന്ന ഒരു റൈഡിനിടയിലാണു അപകടം നടക്കുന്നത്. ഏകദേശം 12-15 അടി ഉയരമുള്ള പ്ലാറ്റുഫോമില്‍ നിന്നാണു ഞാന്‍ വീണത്. തികച്ചും സ്വാഭാവികമായ ഒരു അപകടമായിരുന്നു അത്, വീഗാലാന്‍ഡിന്റെ ഭാഗത്തു നിന്നുള്ള യാതൊരു തെറ്റും ഇക്കാര്യത്തിലില്ല. ആ വീഴ്ചയോടെ എന്റെ ശരീരം കഴുത്തുമുതല്‍ താഴേയ്ക്ക് തളര്‍ന്നു പോയി. എന്റെ സുഹൃത്തുക്കള്‍ എന്നെ ഫസ്റ്റ് എയിഡ് പോസ്റ്റിലെയ്ക്കു എടുത്തുകൊണ്ടു പോയി. അവിടെയപ്പോള്‍ ഡോക്ടര്‍മാരോ, എന്തിനു ഒരു നഴ്സ് പോലും ഉണ്ടായിരുന്നില്ല. സാധാരണവസ്ത്രം ധരിച്ച ഒരാള്‍ എന്നോടു പറഞ്ഞു, “പേടിയ്ക്കാനൊന്നുമില്ല, വെള്ളത്തില്‍ വീണതുകൊണ്ടു മരവിച്ചു പോയതാണ്, ഉടനെ ശരിയായിക്കൊള്ളും” എന്ന്. ഒരു മണിക്കൂറോളം കിടന്നിട്ടും യാതൊരു മാറ്റവുമില്ലെന്നു കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ എന്നെ എടുത്തുകൊണ്ടു പുറത്തുപോകാന്‍ സുഹൃത്തുക്കളോടു പറഞ്ഞു. കുറച്ചു കഴിയുമ്പോള്‍ എല്ലാം ശരിയായിക്കൊള്ളുമെന്നും പറഞ്ഞു.

തൃശൂരേയ്ക്കുള്ള യാത്രയ്ക്കിടയില്‍ എന്റെ ശരീരം വിറയ്ക്കാന്‍ തുടങ്ങി, കടുത്ത പനി. സുഹൃത്തുക്കള്‍ ഉടനെ അടുത്തുള്ള ജൂബിലി മിഷന്‍ ആശുപത്രിയിലെന്നെ എത്തിച്ചു. കാഷ്വാലിറ്റിയിലുള്ള ഡോക്ടര്‍മാര്‍ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലായി, എന്റെ നട്ടെല്ലിനു കാര്യമായ ക്ഷതം സംഭവിച്ചിരിയ്ക്കുന്നു എന്ന്. അവര്‍ എന്നെ തൃശൂര്‍ മെട്രോപ്പോളിറ്റന്‍ ആശുപത്രിയിലേയ്ക്കു റെഫര്‍ ചെയ്തു.

ഏതാനും ആഴ്ചകള്‍ക്കു ശെഷം ഞങ്ങള്‍ വീഗാലാന്‍ഡിനെ ഈ വിവരങ്ങള്‍ അറിയിച്ചു. അവര്‍ 50,000 രൂപയുടെ (60,000 അല്ല) ചെക്ക് തന്നിട്ട് എന്റെ എല്ലാക്കാര്യങ്ങളും നോക്കിക്കൊള്ളാമെന്നു പറഞ്ഞു. തുടര്‍ന്ന് ചില ബ്ലാങ്ക് പേപ്പറുകളില്‍ എന്റെ അച്ഛനെക്കൊണ്ടു ഒപ്പിടുവിച്ചു, ഒപ്പം എന്റെ വിരലടയാളവും പതിച്ചു..(!!!) അപ്പോള്‍ അബോധാവസ്ഥയില്‍ തളര്‍ന്നു കിടക്കുന്ന ഞാന്‍ ഇക്കാര്യങ്ങള്‍ പിന്നീടാണു അറിഞ്ഞത്.

എന്റെ പരിക്കിന്റെ ഗുരുതരാവസ്ഥയെപ്പറ്റി അപ്പോഴും എനിയ്ക്കോ എന്റെ കുടുംബത്തിനോ ശരിയായ ബോധ്യമുണ്ടായിരുന്നില്ല. തുടര്‍ ചികിത്സയ്ക്കായി ഞങ്ങള്‍ വീഗാലാന്‍ഡിനെ സമീപിച്ചപ്പോള്‍ , അവര്‍ കൈമലര്‍ത്തി. കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയെ ബന്ധപ്പെടാന്‍ പലവട്ടം ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. തുടര്‍ന്ന് ഞങ്ങള്‍ കോടതിയെ സമീപിച്ചു. അപ്പോള്‍ വീഗാലാന്‍ഡ് അധികൃതര്‍ ഞങ്ങളെ സമീപിച്ചു, എന്റെ വിരലടയാളത്തോടു കൂടിയ മുദ്രപ്പത്രത്തില്‍ അവര്‍ക്കു വേണ്ടതു അവര്‍ എഴുതിവാങ്ങിയിട്ടുണ്ടെന്നു പറഞ്ഞു. ഇതാണു “മദ്യപാന”കഥയുടെ യാഥാര്‍ത്ഥ്യം.
കോടതി നടപടികള്‍ ആരംഭിച്ചതോടെ, കേസിന്‍ നിന്നു പിന്മാറാന്‍ വീഗാലാന്‍ഡ് എനിയ്ക്ക് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ഓഫര്‍ ചെയ്തു.

ഇക്കാലയളവിലൊക്കെ, ഞാന്‍ ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഞങ്ങളുടെ കുടുംബസ്വത്തെല്ലാം വിറ്റു. എന്റെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം മുടങ്ങി. തുടര്‍ന്നു ഞാന്‍ Bcom നും ഇപ്പോള്‍ M.Aയ്ക്കും പഠിയ്ക്കുന്നു.
ഇന്നേദിവസം വരെ എന്റെ ചികിത്സയ്ക്കും പഠനത്തിനും സഹായിയ്ക്കുന്നത് എന്റെ സുഹൃത്തുക്കളാണ്.

മി.കൊച്ചൌസേപ്പ്, എന്തായാലും ഈ അപകടം നടന്നത് താങ്കളുടെ വീഗാലാന്‍ഡിലാണു എന്നു സമ്മതിയ്ക്കുന്നുണ്ടല്ലോ, താങ്കള്‍ക്കു എന്തു കഥകള്‍ വേണമെങ്കിലും ഉണ്ടാക്കാം, എങ്കിലും അതിനെല്ലാം താഴെ ഒരു അവസാന വാചകം മുഴച്ചു നില്‍ക്കും “അങ്ങയുടെ വീഗാലാന്‍ഡ് തകര്‍ത്തുകളഞ്ഞത് ഒരു 17 വയസ്സുകാരന്റെ സ്വപ്നങ്ങളെയാണ്.”

ഇനിയേതു വാതിലില്‍ മുട്ടണമെന്ന് എനിയ്ക്കറിഞ്ഞുകൂടാ. രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രതികരിച്ചതിനു താങ്കള്‍ ശ്രീമതി സന്ധ്യയ്ക്ക് അഞ്ചു ലക്ഷം സമ്മാനം നല്‍കിയതായി ഞാനറിഞ്ഞു. എന്നിട്ടും താങ്കളെന്തേ എന്നെ കാണുന്നില്ല? എന്റെ ശബ്ദം തീരെ ദുര്‍ബലമായതുകൊണ്ടാണോ??
എന്നെ പിന്തുണച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ചിലരെങ്കിലും എന്നെ എതിര്‍ത്തു സംസാരിയ്ക്കുന്നുണ്ട്. അവരോടു പറയാനുള്ളത്, നിങ്ങള്‍ക്കിതു മനസ്സിലാക്കണമെങ്കില്‍ എങ്ങനെയാണു ഒരു 17 കാരനായ കുട്ടിയുടെ സ്വപ്നങ്ങള്‍ ചിതറിത്തെറിച്ച് ഒരു കിടക്കയില്‍ അവസാനിച്ചത് എന്നു മനസ്സിലാവണം. എല്ലാവരോടും എനിയ്ക്കു പറയാനുള്ളത്, ജീവിതം അമൂല്യമാണ്, പ്രതീക്ഷകള്‍ കെടുത്തരുത്, പോരാട്ടം തുടരണം….

കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയോട് എന്റെ അപേക്ഷ.

സര്‍ , കേരളത്തിലെ ഏതു രാഷ്ട്രീയപാര്‍ടിയുടെ സമരമുഖത്തേയ്ക്കും എന്നെ കൊണ്ടുപോകാന്‍ എന്റെ സുഹൃത്തുക്കള്‍ക്കാകും, CPM, CONGRESS, BJP അങ്ങനെ ഏതു പാര്‍ടിയ്ക്കെതിരെയും ഞാന്‍ പ്രതികരിയ്ക്കാം. എന്റെ സുഹൃത്തുക്കള്‍ക്കു പണമുണ്ടെങ്കില്‍ അവരെന്നെ ഡെല്‍ഹിയിലേയ്ക്കും കൊണ്ടു പോകും, ഞാനവിടെ ആം ആദ്മി പാര്‍ടിയ്ക്കെതിരെയും പ്രതികരിയ്ക്കാം, അങ്ങേയ്ക്കെന്നെ സഹായിയ്ക്കാമോ? അങ്ങയുടെ മറുപടിയ്ക്കായി കാത്തിയ്ക്കുന്നു സര്‍ .

സമയം ഒഴുകിത്തീരുകയാണു സര്‍ . എനിയ്ക്കിപ്പോള്‍ ഒരു സര്‍ജറി കഴിഞ്ഞതേയുള്ളു, രണ്ടാഴ്ചയ്ക്കു ശേഷം ഇനിയും ആശുപത്രിയില്‍ അഡ്മിറ്റാകണം. ജീവിയ്ക്കാനായുള്ള പോരാട്ടം തുടരുന്നു………..
നിര്‍ത്തട്ടെ,
സ്നേഹപൂര്‍വം
വിജേഷ് വിജയന്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!