വിജയ്യുടെ വാരിസ് സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്ത്

ദളപതി വിജയ്യുടെ 48ാം പിറന്നാളാണ് ഇന്ന്. വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് വാരിസ. താരത്തിന്റെ പിറന്നാള്‍ തലേന്ന് പുതിയ ചിത്രമായ വാരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ സ്യൂട്ട് ധരിച്ച് ഒരു കോര്‍പ്പറേറ്റ് ഗെറ്റപ്പില്‍ ആയിരുന്നു വിജയ്.
ഫസ്റ്റ് ലുക്കിന്റെ ചൂടാറും മുമ്പേ വിജയ്യുടെ പിറന്നാള്‍ ദിവസം സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ് വരിസുവിന്റെ അണിയറ പ്രവര്‍ത്തകര്‍. കുട്ടികളോടൊപ്പം പലചരക്ക് വണ്ടി എന്ന് തോന്നിക്കുന്ന വാഹനത്തിന്റെ മുകളില്‍ കിടക്കുന്ന വിജയ്യാണ് പോസ്റ്ററിലുള്ളത്.

ഫസ്റ്റ് ലുക്ക് പോലെ സെക്കന്‍ഡ് ലുക്കിനും ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

വിജയ്യുടെ 66ാം ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയാണ് നായിക. ഊപ്പിരി, യെവാഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ചിത്രത്തിനായി റെക്കോഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ബീസ്റ്റാണ് വിജയ്യുടെ ഏറ്റവും അവസാനമായി പുറത്ത് വന്ന ചിത്രം. സിനിമക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. പൂജ ഹെഗ്ഡേ നായികയായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ അപര്‍ണ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

വിക്രത്തിന്റെ മെഗാ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രവും വിജയ്യുടേതാണ്. മാസ്റ്ററിന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 67.

 

Share news
error: Content is protected !!
Scroll to Top