പാലക്കാട്: കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടിയിലെ മധു വധക്കേസില്‍ ഇന്ന് വിധി പറയും. മണ്ണാര്‍ക്കാട് എസ് സി-എസ്ടി കോടതിയാണ് വിധി പറയുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. മാര്‍ച്ച് പത്തിനാണ് കേസിലെ അന്തിമവാദം പൂര്‍ത്തിയായത്. നീതി പ്രതീക്ഷിച്ചു കൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒറ്റപ്പെടുത്തലുകളും ഭീഷണിയും മറികടന്ന് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ മധുവിന്റെ കുടുംബം നടത്തിയ പോരാട്ടമാണ് കേസിനെ വിധി പ്രഖ്യാപനം വരെ എത്തിച്ചത്.
കേസില്‍ ആകെ 16 പ്രതികളാണുള്ളത്. സാക്ഷിവിസ്താരവും അന്തിമ വാദവും പൂര്‍ത്തിയായ കേസ് വിധി പറയാന്‍ രണ്ട് തവണ മാറ്റിവെച്ചിരുന്നു. പിന്നീട് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അന്തിമ വിധി വരാനിരിക്കെ നീതി ലഭിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് മധുവിന്റെ അമ്മ മല്ലിയും, സഹോദരി സരസുവും. നീതിയുക്തമായ വിധി തന്നെ കേസില്‍ ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായ രാജേഷ് എം മേനോനും.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു.
കൂറുമാറിയ വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂറുമാറിയ സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധക്കുക എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവത്തിനും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി. പ്രോസിക്യൂട്ടര്‍മാര്‍ മാറി മാറിയെത്തിയ കേസ് പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. മാര്‍ച്ച് പത്തിന് കേസിന്റെ അന്തിമവാദം പൂര്‍ത്തിയായിരുന്നു. 18 ന് വിധി പറയും എന്നായിരുന്നു ആദ്യം കോടതി അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസങ്ങളാല്‍ കേസിലെ വിധി പ്രഖ്യാപനം ഏപ്രില്‍ നാലിലേക്ക് മാറ്റുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




