വേങ്ങര: വിവിധ ബാങ്കുകളില്‍ നിന്നും വായ്പ വാഗ്ദാനം ചെയ്ത് വിവിധ ആളുകളില്‍ നിന്നായി അരക്കോടിയോളം തട്ടിയെടുത്തയാള്‍ പിടിയില്‍. കഴിഞ്ഞ നാലു മാസമായി ഒതുക്കുങ്ങല്‍ കൊളത്തൂ പറമ്പില്‍ താമസക്കാരനായ തിരുവനന്തപുരം വഞ്ചിയൂര്‍ കൈതമുക്ക് ശിവശക്തി വീട്ടില്‍ പ്രവീണ്‍ കുമാര്‍ (42) ആണ് പിടിയിലായത്.
ഒക്ടോബര്‍ അഞ്ചിന് മലപ്പുറത്തു വിവിധ ബാങ്കുകള്‍ നടത്തിയ ലോണ്‍ മേളയില്‍ പങ്കെടുത്ത രണ്ടു വേങ്ങര സ്വദേശികളുടെ പരാതിയിലാണ് അറസ്റ്റ്. മേളക്ക് പുറത്ത് കാത്തുനിന്ന പ്രവീണ്‍ കുമാര്‍ ഇവര്‍ക്ക് ലോണ്‍ വാഗ്ദാനം നല്‍കുകയും ലോണ്‍ സംഘടിപ്പിക്കുന്നതിന്നായി പണം കൈപ്പറ്റി മുങ്ങുകയുമായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ഇയാള്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് വേങ്ങര പോലീസ് പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ജോലിക്ക് ആളെ നല്‍കുന്നുവെന്നും സ്ഥലം വില്‍പനക്കുണ്ടെന്നും വായ്പ തരപ്പെടുത്തി നല്‍കുമെന്നും തുടങ്ങിയ പരസ്യങ്ങള്‍ നല്‍കിയാണ് തട്ടിപ്പ്. വിവിധ ഫോണ്‍ നമ്പറുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്. സ്ഥലം വില്‍പ്പനക്കുവെക്കുന്നവരുടെ നമ്പരുകള്‍ ശേഖരിച്ച് സ്ഥലവിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ബാങ്കുകളില്‍ നിന്നും വായ്പ സംഘടിപ്പിച്ച് നല്‍കാമെന്നാണ് വാഗ്ദാനം. ബാങ്കുകളുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നു വരുത്തി തീര്‍ത്ത് ഇവരുടെ രേഖകള്‍ കൈപ്പറ്റിയ ശേഷം പ്രാരംഭ ചിലവിലേക്കായി 30000 നു മേല്‍ തുക കൈപ്പറ്റുന്നതാണ് പതിവ് രീതി. രേഖകളും പണവും കൈപ്പറ്റിയ ശേഷം സിംകാര്‍ഡുകള്‍ നശിപ്പിക്കുകയായിരുന്നു. വന്‍കിട ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ആളെ നല്‍കാമെന്നും പ്രാരംഭ ചിലവ് തന്റെ എക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന രീതിയിലുള്ള മറ്റൊരു തട്ടിപ്പും നടത്തി വരുന്നു. 2009 ല്‍ പൂജപ്പരയില്‍ ഇയാളെ കാണാതായതായും കേസുണ്ട്. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മുങ്ങിയ ഇയാള്‍ നിരവധി മലയാളികളെ ഫ്‌ലാറ്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയതായും വേങ്ങര പോലീസ് പറഞ്ഞു. പിന്നീട് കോട്ടയം, പാലക്കാട് ജില്ലകളില്‍ തട്ടിപ്പു നടത്തിയ ഇയാള്‍ അടുത്ത കാലത്താണ് മലപ്പുറത്തെത്തിയത്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന മറ്റുള്ളവരുടെ ഭൂമിയും കെട്ടിടവും കാണിച്ച് അഡ്വാന്‍സ് കൈപ്പറ്റുന്ന രീതിയും ഇയാള്‍ക്കുണ്ട്. ഇപ്പോള്‍ കിട്ടിയ വിവരമനുസരിച്ച് വിവിധ മാര്‍ഗങ്ങളിലായി അരക്കോടിയോളം രൂപ തട്ടിപ്പു നടത്തിയതായാണ് സൂചന . നേരത്തേ മൂന്നു വര്‍ഷക്കാലം എല്‍ ഐ സി ഏജന്റായില്‍ പ്രവര്‍ത്തിച്ച ഇയാള്‍ ആരെയും വീഴ്ത്താന്‍ പറ്റിയ കൗശലക്കാരനാണെന്നും പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം ഐ പി എസി ന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് വായ്പാ ആവശ്യക്കാരായി ചമഞ്ഞാണ് പ്രതിയെ വലയില്‍ വീഴ്ത്തിയത്. മലപ്പുറം ഡി വൈ എസ് പി ജലീല്‍ തോട്ടത്തില്‍ ,വേങ്ങര എസ് ഐ മാരായ എന്‍ മുഹമ്മദ് റഫീക്, എം പി അബൂബക്കര്‍ , സീനിയര്‍ സി പി ഒ അബ്ദുല്‍ റഷീദ് , സി പി ഒ മാരായ ഷിജു ,ഷഫീഖ്, മുജീബ് റഹ്മാന്‍, റിഷാദ്, സുബൈര്‍ ,അശോകന്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാണ്ടു ചെയ്തു.




