Section

malabari-logo-mobile

നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥയിലുള്ള വാഹനം മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍

HIGHLIGHTS : Vehicle owned by Nanambra Grama Panchayat Secretary abandoned in a garbage dump

മലപ്പുറം: നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥയിലുള്ള വാഹനം മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്ത് അധികൃതര്‍ ഉപയോഗിച്ചിരുന്ന കെ എല്‍ 55 ബി 3013 രജിസ്‌ട്രേഷനിലുള്ള ചുവന്ന നിറത്തിലുള്ള ബൊലേറോ വാഹനമാണ് മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത്.

2023 ജനുവരി 29 വരെ രജിസ്‌ട്രേഷനും 2022 മെയ് 24 വരെ ഇന്‍ഷുറന്‍സ് കാലാവധിയും 2022 ഡിസംബര്‍ ഒന്നുവരെ നികുതി കാലാവധിയുള്ള വാഹനമാണ്, മാലിന്യക്കൂമ്പാരങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയ നിലയില്‍ ബുധനാഴ്ച രാവിലെയാണ് നാട്ടുകാര്‍ കണ്ടെത്തിയത്. പുതിയ വാഹനം വാങ്ങിയതോടെ ഗ്രാമപഞ്ചായത്ത് ഈ വാഹനം കുടുംബാരോഗ്യ കേന്ദ്രത്തിനു കൈമാറുമെന്ന് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശേഷം കൊടിഞ്ഞിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വാഹനം മാറ്റിയിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം കൊടിഞ്ഞി യുപി സ്‌കൂള്‍ പരിസരത്തേക്ക് വാഹനം മാറ്റി. ഇവിടെ നിന്നാണ് മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലേക്ക് വാഹനം എത്തിച്ചത്.

sameeksha-malabarinews

അധികൃതരുടെ അനാസ്ഥയില്‍ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.   പൊതുജന ആവശ്യത്തിന് ഉപയോഗിക്കേണ്ട ലക്ഷങ്ങള്‍ വിലയുള്ള വാഹനം ഇത്തരത്തില്‍ സൂക്ഷിച്ചതില്‍ ശക്തമായ പ്രതിഷേധവുമായി പ്രദേശത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം വാഹനം മാലിന്യത്തില്‍ കൊണ്ട് തള്ളിയതല്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. ലേല നടപടികള്‍ക്കായി വെച്ച വാഹനം മഴയും വെയിലും ഏല്‍ക്കാത്ത പഞ്ചായത്ത് വാടകക്കെടുത്ത സ്ഥലത്തേക്ക് സുരക്ഷിതമായി മാറ്റിയിട്ടതാണ്. നേരത്തെ പിഎച്ച്‌സി കോമ്പൗണ്ടിലേക്ക് മാറ്റിയിരുന്ന വാഹനം അവിടെ മഴയും വെയിലുമേറ്റ് കിടക്കുകയാണെന്ന പരാതിയെ തുടര്‍ന്നാണ് പഞ്ചായത്ത് വാടകക്കെടുത്ത ഈ സ്ഥലത്തേക്ക് മാറ്റിയിട്ട് ഷീറ്റ് കൊണ്ട് മൂടിയിട്ടതെന്നും പഞ്ചായത്ത് സെക്രട്ടറി പറയുന്നു. കാര്‍ഷികാവശ്യത്തിന് വാങ്ങിയ മറ്റൊരു വാഹനവും സമാനമായ രീതിയില്‍ കണ്ടെത്തിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!