വാഹനങ്ങളുടെ ബാറ്ററി മോഷണം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

തിരൂരങ്ങാടി: വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. മൂന്നിയൂര്‍ ആലിചുവട് സ്വദേശികളായ വടക്കേപുറത്ത് ഇബ്രാഹീം ഖലീല്‍(32), മണമ്മല്‍ വീട്ടില്‍ മുഹമ്മദ് മഹ് ലൂഫ് (28), മൂന്നിയൂര്‍ സലാമത്ത് നഗര്‍ നെടിയോടിയില്‍ മുഹമ്മദ് മുസമ്മില്‍(28) എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കൊളപ്പുറത്ത് ഒരു വാഹനത്തിന്റെ ബാറ്ററി മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു. ശനിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.

കഴിഞ്ഞ മാസം 30-ന് കൊളപ്പുറത്ത് നിന്നും കാറിന്റെ ബാറ്ററിയും ഈ മാസം 10-ന് ആലിന്‍ ചുവട് എം.സാന്റ് യാര്‍ഡില്‍ നിര്‍ത്തിയിട്ടിയിരുന്ന ടിപ്പര്‍ ലോറിയുടെ ബാറ്ററിയും മോഷണം പോയതിന് തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിച്ചു വരികയായിരുന്നു. ബാറ്ററി മോഷ്ടിച്ച് കാറ് വാടകക്കെടുത്താണ് അത് വില്‍ക്കാന്‍ കൊണ്ട് പോകാറ്. കൊണ്ടോട്ടിയിലെയും വലിയപറമ്പിലെയും ആക്രികടകളില്‍ കിലോഗ്രാമിന് നൂറ് രൂപ നിരക്കിലാണ് ഇവര്‍ ബാറ്ററി വില്‍പ്പന നടത്തിയിരുന്നതെന്ന് തിരൂരങ്ങാടി എസ്.എച്ച്.ഒ ബി പ്രദീപ് കുമാര്‍ പറഞ്ഞു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടിയിലെ ആക്രികടകളില്‍ നടത്തിയ പരിശോധനയില്‍ ചെറുതും വലുതുമായ 16 ബാറ്ററികള്‍ പൊലീസ് കണ്ടെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവര്‍ ബാറ്ററി മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. വേങ്ങര, പരപ്പനങ്ങാടി, തേഞ്ഞിപ്പാലം, യൂണിവേഴ്സിറ്റി ഭാഗങ്ങളിലും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി മഹ്ലൂഫിനെതിരെ എം.ഡി.എം.എ പിടിച്ചതിന് കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്.

കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് സംശയിക്കുന്നതായും ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ്.എച്ച്.ഒ പറഞ്ഞു. ആഡംബര ജീവിതത്തിന് വേണ്ടിയാണ് ഇവര്‍ മോഷണം നടത്തിയിരുന്നതെന്നും പൊലീസ് അറിയിച്ചു. എസ്.എച്ച്.ഒ ബി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ വി രാജു, എ.എസ്.ഐ കെ മോഹനന്‍, എസ്.സി.പി.ഒമാരായ വി ജിഷോര്‍, യു.കെ ഷൈജു, എന്‍ ലക്ഷമണന്‍, എം അനില്‍, ടി.വി മുരളി എന്നിവരും പങ്കാളികളായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top