തിരുവനന്തപുരം: പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടു. ഹോര്‍ട്ടികോര്‍പ് വഴി കൂടുതല്‍ പച്ചക്കറികള്‍ എത്തിയതോടെ വില കുറഞ്ഞു തുടങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണു കരുതുന്നതെന്നു മന്ത്രി പി പ്രസാദ് പറഞ്ഞു. പൊതു വിപണിയേക്കാള്‍ 10 മുതല്‍ 40 രൂപ വരെ കുറച്ചാണ് ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ വില്‍പന ശാലകള്‍ വഴി പച്ചക്കറി വില്‍ക്കുന്നത്.
ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കര്‍ഷകരില്‍ നിന്നു നേരിട്ടു പച്ചക്കറി വാങ്ങിയാണ് സംസ്ഥാനത്ത് എത്തിക്കുന്നത്. കിലോക്ക് 120 രൂപയുണ്ടായിരുന്ന തക്കാളി സര്‍ക്കാര്‍ വില്‍പനശാലകളില്‍ 56 രൂപയായി. ഇതോടെ പൊചുവിപണിയിലും വില കുറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ 119.5 ടണ്‍ പച്ചക്കറിയാണ് കൃഷി വകുപ്പ് എത്തിച്ചത്. കര്‍ണാടക, തിരുനല്‍വേലി എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ 44 ടണ്‍ കൂടി എത്തിച്ചു. തെക്കന്‍ ജില്ലകള്‍ക്കായി 30.5 ടണ്ണും വടക്കന്‍ ജില്ലകള്‍ക്കായി 13,5 ടണ്ണുമാണ് എത്തിയത്. നില നിയന്ത്രണവിധേയമാകുന്നതുവരെ സംഭരണം തുടരും.



