മലപ്പുറം: രക്തസാക്ഷികള്‍ എന്നും അനുസ്മരിക്കപ്പെടേണ്ടവരാണെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി മലബാര്‍ സമരത്തിന്റെ ധീരരക്തസാക്ഷിയാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ മലബാര്‍ സമരചരിത്രം ആസ്പദമാക്കി അക്കാദമി പുറത്തിറക്കിയ രണവീചികള്‍ എന്ന മാപ്പിളപ്പാട്ട് സി.ഡി.യുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ഹംസക്ക് കോപ്പി നല്‍കി മന്ത്രി സി.ഡി.യുടെ പ്രകാശനം നിര്‍വഹിച്ചു.
ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷനായി. സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, എന്‍. പ്രമോദ് ദാസ്, അക്കാദമി അംഗങ്ങളായ പി. അബ്ദുറഹിമാന്‍, കെ.എ. ജബാര്‍, ഡോ. കെ.കെ. മുഹമ്മദ് അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




