ദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വാരണസിയുള്‍പ്പെടെ 3 സംസ്ഥാനങ്ങളിലെ 41 മണ്ഡലങ്ങളില്‍ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. നരേന്ദ്രമോദിക്കും, കെജ്‌രിവാളിനും പുറമെ മുലായന്‍സിങ്ങ് യാദവ്, സുഭാഷിണി അലി തുടങ്ങിയ പ്രമുഖരും അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ 18 ഉം, പശ്ചിമ ബംഗാളിലെ 17 ഉം, ബീഹാറിലെ ആറും ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പിനായുള്ള പരസ്യപ്രചാരണമാണ് ഇന്ന് വൈകീട്ട് കൊട്ടിക്കലാശിക്കുക.
ഇന്ന് പ്രചരണം അവസാനിക്കുന്ന മണ്ഡലങ്ങളില്‍ ശ്രദ്ധേയം ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ജനവിധി തേടുന്ന വാരാണസിയാണ്. വാരാണസിയുള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പ്രമുഖ നേതാക്കള്‍ ഇന്ന് പ്രചരണത്തിന് രംഗത്തിറങ്ങുന്നുണ്ട്. കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാരാണസിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കും.



