കരുനാഗപ്പള്ളി : 25 ലക്ഷം രൂപയുടെ കുഴല്‍പണവുമായി കരുനാഗപ്പള്ളിയില്‍ എത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി ആദിലോറ അയ്യപ്പന്‍ കണ്ടത്തില്‍ വീട്ടില്‍ അബ്ദുള്‍ അമീര്‍ (27) ആണ് പോലീസ് പിടിയിലായത്.
ശാസ്താംകോട്ട കരുനാഗപ്പള്ളി റോഡില്‍ കല്ലുകടവില്‍ വെച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. പണമടങ്ങിയിട്ടുള്ള ബാഗും യുവാവിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തു.
കോഴിക്കോട് നിന്നും കരുനാഗപ്പള്ളിയില്‍ എത്തിയ ഇയാള്‍ അവിടെ ബന്ധപ്പെട്ടവര്‍ക്ക് പണം നല്‍കി വരുന്നതിനിടെയാണ് പോലീസ് പിടിയിലായത്. ഗള്‍ഫില്‍ നിന്നും അനധികൃതമായി എത്തിച്ച പണമാണിതെന്നാണ് പോലീസിന്റെ നിഗമനം. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സിദ്ദിഖ് എന്നയാളാണ് പണം നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് പണമെത്തിച്ചു നല്‍കുന്ന ഏജന്റാണ് അബ്ദുള്‍ അമീര്‍ എന്ന് പോലീസ് പറയുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി പണം ഇന്റലിജന്‍സ് വകുപ്പിന് കൈമാറുമെന്ന് പോലീസ് വ്യക്തമാക്കി.


