തിരു : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും സോളാര്‍കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ കേസ്. ചെങ്ങന്നൂര്‍ കല്ലശ്ശേരി സ്വദേശി സുജനെതിരെയാണ് തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ മാസം തെരഞ്ഞെടുപ്പിന്റെ സമയത്താണ് ഇയാള്‍ക്കെതിരെ പട്ടത്തുള്ള സൈബര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പോലീസ് അനേ്വഷണം നടത്തി വരികയായിരുന്നു.
സുജന്റെ വീട്ടിലെത്തിയ പോലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പരിശോധനയില്‍ ഇവിടെ നിന്നും കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മറ്റു പലര്‍ക്കെതിരെയും അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സുജനെ കണ്ടെത്താനായി പോലീസ് അനേ്വഷണം ഊര്‍ജ്ജിതമാക്കി.



