ഞങ്ങളുടേതു കൂടിയാവുന്ന കാടും മലയും കടലും

 

 

ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളത്തിൽ ഉയർന്നു വന്ന ഗുണപരവും, അതേ പോലെ പ്രതിലോമകരവുമായ ചർച്ചകൾ സൃഷ്ടിച്ച സാമൂഹ്യ സാഹചര്യത്തിൽ തങ്ങളുടെ നിലപാടുകൾ  വ്യകതമാക്കുകയാണ്  സാമൂഹ്യ – സാംസ്കാരിക രംഗത്തെ വിവിധ തുറകളിലെ പെൺസാനിധ്യങ്ങൾ. വനിതാ മതിലിന്റ പ്രസക്തിയും ചർച്ച ചെയ്യപ്പെടുന്നു

എഴുത്തുകാരിയും സാംസകാരിക പ്രവര്‍ത്തകയുമായ സിഎസ് മീനാക്ഷി എഴുതുന്നു

വനിതാമതില്‍ എന്ന വാക്ക് പ്രവേശനമില്ല എന്ന വാക്കിനെയാണ് ഓര്‍മ്മിപ്പിക്കുക. തുറന്നു കിടന്നിരുന്ന പറമ്പുകള്‍ക്കിടയില്‍ ഇല്ലിവേലികളും കവുങ്ങിന്‍ കഴകളും വന്നു. പിന്നീട് വേലികള്‍ മതിലുകളായി മാറിയപ്പോള്‍ ഓരോ വീടും സ്വന്തം സ്വന്തം കാര്യങ്ങളിലേക്ക്, സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങി. പുറത്തുള്ളതിനെ , അകത്തു കടത്താതിരിക്കുക എന്നതാണ് സാധാരണ മായി മതിലിന്റെ ധര്‍മ്മം. പക്ഷെ വനിതാ മതിലിന്റെ context ല്‍ അനാചാരങ്ങളെ, അന്ധവിശ്വാസങ്ങളെ, പുരുഷാധിപത്യ മൂല്യങ്ങളെ പ്രതിരോധിക്കുക എന്ന ഒരു ലക്ഷ്യമാണ് വിവക്ഷിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ വര്‍ഗ വര്‍ണ്ണ ലിംഗ ഭേദമന്യേ നാമതിനെ സ്വാഗതം ചെയ്യേണ്ടതുണ്ട്. എന്നാല്‍ മതില്‍ തീര്‍ക്കുന്ന പെണ്ണുങ്ങള്‍ ജാഥകളിലെ ബാനര്‍ പിടിക്കുന്നതിനപ്പുറം രാഷ്ട്രീയാധികാരസ്ഥാനങ്ങളിലെത്തി
പ്പെടുമോ? വേദികളില്‍ വിളക്കെടുത്തു കൊടുക്കുന്നതിനപ്പുറം പ്രധാന പ്രഭാഷകയാവുമോ?നിലാവില്‍ മിന്നിക്കിടക്കുന്ന കടപ്പുറങ്ങള്‍ ഭയമില്ലാതെ പെണ്ണുങ്ങള്‍ക്ക് കാണാനാവുമോ? പാതിരാത്തെരുവുകള്‍ അവളുടേതുകൂടിയാകുമോ? ഈ ഭൂമിയിലെ ഓരോ മലയും ഓരോ കാടും ഓരോ കടലും അവളുടേതു കൂടിയാകുമോ?

14-17 ശതാബ്ദങ്ങളില്‍ യൂറോപ്യന്‍ ചിന്താരീതികളിലുണ്ടായ ഒരു വന്‍ ഉയിര്‍ത്തെഴുന്നേല്പായിരുന്നു rennaisance അഥവാ നവോത്ഥാനം എന്നറിയപ്പെട്ടത്. അന്ധവിശ്വാസങ്ങളെ കുടഞ്ഞെറിഞ്ഞ് യുക്തിയിലും ശാസ്ത്രത്തിലും അധിഷ്ഠിതമായ ഒരു ചിന്താപദ്ധതിയായിരുന്നു അത്.പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രഞ്ച് വിപ്‌ളവത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ ലോകം മുഴുവനും ഏറ്റെടുത്തു. അമേരിക്കയിലും ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും വര്‍ണ്ണ വെറിക്കെതിരായി വന്‍ പ്രക്ഷോഭങ്ങളുണ്ടായി. ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന പ്രസ്ഥാനങ്ങള്‍ സാമൂഹിക നവീകരണവും കൂടി തങ്ങളുടെ പ്രവര്‍ത്തന മേഖലയാക്കി. ഇന്ത്യയില്‍ മൊത്തത്തിലുണ്ടായിരുന്ന ജാതിവൈജാത്യങ്ങള്‍ കേരളത്തിലും പലരൂപത്തില്‍ നില നിന്നിരുന്നു.

കീഴ്ജാതിക്കാര്‍ എന്നൊതുക്കപ്പെട്ടവര്‍ പലതരം സാമൂഹികാസമത്വങ്ങള്‍ക്ക് വിധേയരായി.വര്‍ഗ്ഗ- വര്‍ണ്ണ ഭേദമന്യേ പെണ്ണുങ്ങളുടെ പദവി രണ്ടാംലിംഗമായി തുടര്‍ന്നു. അയിത്തവും തീണ്ടലും ഒഴിഞ്ഞു പോയെങ്കിലും ആര്‍ത്തവാവസ്ഥയിലുള്ള പെണ്ണ് തൊട്ടു കൂടാത്തവളായി തുടര്‍ന്നു. മാറു മറയ്ക്കാന്‍, കല്ലുമാല പോലെയുള്ള ജാത്യടയാളങ്ങള്‍ ഒഴിവാക്കാന്‍, മുലക്കരമൊടുക്കാതിരിക്കാന്‍ എല്ലാം പെണ്ണുങ്ങള്‍ പൊരുതി.

അടുത്ത ഘട്ടമായി വന്ന ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളുടെ ആശയപ്രചരണങ്ങളും സമൂഹത്തില്‍ ശാസ്ത്രബോധവും യുക്തി ചിന്തയും ഉളവാകാന്‍ സഹായിച്ചു.എന്നാല്‍ അതില്‍ നിന്നൊക്കെ ഒരു പിന്നോട്ടു നടത്തം ആചാരങ്ങളുടെ പേരില്‍ മതമൂല്യസംരക്ഷണത്തിന്റെ പേരില്‍ ഗുപ്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്നു. അതിനെ പ്രതിരോധിക്കുന്ന ഒരു കോട്ടയാവട്ടെ പെണ്‍മതില്‍.