Section

malabari-logo-mobile

വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

HIGHLIGHTS : Vande Bharat Prime Minister flagged off

കേരളത്തിന്റെ ദക്ഷിണ-ഉത്തര മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്സ് ചൊവ്വാഴ്ച കന്നിയാത്ര തുടങ്ങി. രാവിലെ 11.12 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.

914 കാർ സീറ്റുകളും 86 എക്‌സിക്യൂട്ടീവ് ചെയർ കാർ സീറ്റുകളുള്ള വന്ദേഭാരത് എക്‌സ്പ്രസിന് ഏഴ് സ്ഥിരം സ്റ്റോപ്പുകൾ ആണുള്ളത്. എന്നാൽ പ്രഥമ യാത്രയുടെ ദിവസം മറ്റ് ഏഴ് സ്റ്റേഷനുകളിൽ കൂടി നിർത്തിയ ശേഷമാണ് കാസർകോട് എത്തിയത്. രാവിലെ 10.53 ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രധാനമന്ത്രി ഫ്ലാഗ് ഓഫിന് മുമ്പ് വന്ദേഭാരതിലെ സി-വൺ കമ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന 43 വിദ്യാർഥികളുമായി സംവദിച്ചു.

sameeksha-malabarinews

വന്ദേഭാരതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒൻപത് സ്‌കൂളുകളിലെ 600 ഓളം വിദ്യാർഥികൾക്കിടയിൽ ചിത്രരചന, കവിതാരചന ഉപന്യാസരചന മത്സരങ്ങൾ നടത്തിയിരുന്നു. മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ വിദ്യാർഥികളുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. തങ്ങൾ വരച്ച വന്ദേഭാരതിന്റെ ചിത്രവും മറ്റും കുട്ടികൾ പ്രധാനമന്ത്രിയെ കാണിച്ചു.

രണ്ടും മൂന്നും സ്ഥാനത്തെത്തിയ മറ്റ് 30 വിദ്യാർഥികൾ സി-2, സി-3 കമ്പാർട്ട്‌മെന്റുകളിൽ ഉണ്ടായിരുന്നു. ഇവരുടെ കൂടെ മാതാപിതാക്കളും അധ്യാപകരും സന്നിഹിതരായിരുന്നു. ശേഷം ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നിയോട്ടത്തിലെ ലോക്കോപൈലറ്റ് ആയ നാഗേഷ് കുമാർ ആർ, സഹ ലോക്കോപൈലറ്റ് എസ് ജയകുമാർ എന്നീ മലയാളികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണോ, റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി അബ്ദുറഹിമാൻ, ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി,  എന്നിവർ സന്നിഹിതരായിരുന്നു.

നേരത്തെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ രണ്ടാം പ്ലാറ്റ്‌ഫോമിൽ മോഹിനിയാട്ടവും കഥകളിയും ചെണ്ടമേളവും ഒരുക്കിയിരുന്നു. രചനാ മത്സരങ്ങളിൽ വിജയികളായ കൊല്ലം, എറണാകുളം ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ അതാത് സ്റ്റേഷനുകളിൽ നിന്നും വന്ദേഭാരതിൽ കയറി.

ഫ്ലാഗ് ഓഫിന് ശേഷം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണോ കഥകളി രൂപം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. 02634 നമ്പർ എക്‌സ്പ്രസ് തീവണ്ടിയാണ് സി-1 മുതൽ സി-14 വരെയുള്ള ബോഗികളുമായി ചൊവ്വാഴ്ച 11.12 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വിട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!