വന്ദേഭാരത് പുതിയ സര്‍വീസ് ഇനി മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക്

മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നു. മുംബൈയില്‍ നിന്നും വിനോദ യാത്രക്കായി ഗോവയിലേക്കും മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി മംഗളൂരുവിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഈ വന്ദേഭാരത് സര്‍വീസ് പ്രയോജനപ്പെടും.

മംഗളൂരു-ഗോവ, മുംബൈ-ഗോവ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകളെ ഒന്നിപ്പിച്ച് മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് ഓടിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. ഇത് സാധ്യമാകുന്നതോടെ മുംബൈയില്‍നിന്ന് ഏകദേശം 12 മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ക്ക് മംഗളൂരുവിലെത്താം.

നിലവില്‍ യാത്രക്കാര്‍ കുറവുള്ള വന്ദേഭാരതുകളില്‍ ഒന്നാണ് മംഗളൂരു-ഗോവ റൂട്ടില്‍ ഓടുന്നത്. 40 ശതമാനത്തില്‍ കുറവ് യാത്രക്കാരുള്ള ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടാന്‍ റെയില്‍വേ ആലോചിച്ചിരുന്നെങ്കിലും കര്‍ണാടകയിലെ രാഷ്ട്രീയ നേതാക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. ഏകദേശം നാലര മണിക്കൂറിനുള്ളില്‍ ഈ വണ്ടി മംഗളൂരുവില്‍ നിന്ന് ഗോവയിലെത്തുന്നുണ്ട്.

മുംബൈ-ഗോവ വന്ദേഭാരത് ട്രെയിനിലും യാത്രക്കാര്‍ കുറവാണ് . ഈ സാഹചര്യത്തിലാണ് ഈ രണ്ടു സര്‍വീസുകളും ഒന്നാക്കി മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് ഓടിക്കുവാനുള്ള റയില്‍വെയുടെ തീരുമാനം. ഇതോടെ യാത്രക്കാര്‍ 100 ശതമാനത്തിലേക്ക് ഉയരുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

മുംബൈയില്‍ നിന്ന് രാവിലെ 5.25-നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.10-ന് ഗോവയിലെത്തും. ഈ വണ്ടിയെ വൈകീട്ട് ആറോടെ മംഗളൂരുവിലേക്കെത്തിക്കാനാണ് തീരുമാനം.

മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും ഓടുന്ന മുഴുവന്‍ വണ്ടികളിലും 100 ശതമാനം യാത്രക്കാരുണ്ട്. അതിനാല്‍, മുംബൈ-മംഗളൂരു വന്ദേഭാരതിലും യാത്രക്കാരെ കിട്ടുമെന്നാണ് റെയില്‍വേ കണക്കു കൂട്ടുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top