വള്ളിക്കുന്ന് റെയില്‍വേ അടിപ്പാത തുറക്കുന്നില്ല: ജനങ്ങള്‍ ദുരിതത്തില്‍

പാത ഇരട്ടിപ്പിച്ചതും തിരിച്ചടി
പ്രശ്‌നം പരിഹരിക്കാന്‍ അധിക്യതര്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യം
വള്ളിക്കുന്ന്: റെയില്‍വെ ഇരട്ടപാത പൂര്‍ത്തിയായതോടെ  ആനങ്ങാടി റെയില്‍വെ ഗേറ്റ് മുതല്‍ വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷന്‍ വരെ റെയിലിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളിലെ  കൊച്ചുകുട്ടികള്‍ അടക്കമുള്ള മുഴുവന്‍ ആളുകളും യാത്രാക്ലേശവും ഭയാശങ്കയോടെയുള്ള ദുരിതജീവിതവും നയിക്കുകയാണെന്ന് ഏകശബ്ദം പ്രതികരണവേദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഴ്‌സറി – അങ്കണവാടികള്‍ ,എല്‍ പി, യു പി,എച്ച് എസ്, എച്ച് എസ്സ് എസ്സ്, ആശുപത്രികള്‍, വൈദ്യുതി ഓഫീസുകള്‍ ടെലഫോ എക്‌സ്‌ചേഞ്ച്, വില്ലേജ് ഓഫീസ് ധനകാര്യ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ ,മാര്‍ക്കറ്റുകള്‍ എന്നിവയെല്ലാം റെയില്‍വെ ലൈനിന്റെ പടിഞ്ഞാറു ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ബസ്സ് സര്‍വ്വീസുള്ള ഒരേ ഒരു റോഡായ കോഴിക്കോട് – തിരൂര്‍ റോഡ് പടിഞ്ഞാറ് ഭാഗത്താണ്. റെയില്‍വെസ്റ്റേഷന്‍, പഞ്ചായത്തോഫീസ് തുടങ്ങിയിടങ്ങളിലേക്ക് എത്താനും ഈ റോഡിനെ ആശ്രയിക്കണം. ചുരുക്കത്തില്‍ ഈ പ്രദേശത്തുകാര്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്കായി എല്ലാ ദിവസവും റെയില്‍ മുറിച്ചുകടക്കേണ്ടി വരുന്നു. ഇത് വളരെ അപകടകരവും ക്ലേശകരവുമാണ്. ഇരട്ടപാതനിര്‍മ്മാണ സമയത്ത് ക്രോസിങ്ങിനുള്ള യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ല എന്നു മാത്രമല്ല ബ്രിട്ടീഷുകാരുടെ കാലം മുതല്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും റെയില്‍ ക്രോസ് ചെയ്യുന്നതിനായി പണിഞ്ഞിരുന്ന ആനപ്പടികള്‍ എടുത്തുമാറ്റി. കൂടാതെ ഇവിടേക്ക് എത്തിപ്പെടാനുള്ള പഞ്ചായത്ത് വഴികള്‍ പോലും റെയില്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി അടച്ചുകെട്ടി യാത്രാ അവകാശം നിഷേധിച്ചിരിക്കുകയാണ്. വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷനിലേക്ക് യാത്രക്കാര്‍ക്ക് എത്തിപ്പെടാന്‍ റെയിലോരത്തുണ്ടായിരുന്ന നടവഴി ഇരട്ടപാതനിര്‍മ്മാണത്തോടുകൂടി പൂര്‍ണ്ണമായി ഇല്ലാതായി. ഇതിനെത്തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനിലെത്തേണ്ടവര്‍ക്ക് ട്രാക്കിന്റെ നടുവിലൂടെയല്ലാതെ നടന്നെത്താന്‍ മറ്റു മാര്‍ഗ്ഗമില്ല. ഇതുകൊണ്ടുമാത്രം ഈ പ്രദേശത്ത് നിരവധി അപകടമരണങ്ങള്‍ സംഭവിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.

റെയിലോരത്ത് പുല്ലും കുറ്റിച്ചെടികളും നിറഞ്ഞ് കാടുപിടിച്ച് കിടക്കുകയാണ്. ഇവിടേക്ക് തീവണ്ടിയാത്രക്കാര്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക്കുകള്‍ പേന്‍ട്രി കാറില്‍ നിന്ന് ഒന്നിച്ച് ഒഴിവാക്കു അവശിഷ്ടങ്ങളും ഈ കാടുകളില്‍ കിട് ചീഞ്ഞുനാറി പ്രദേശത്തെ ജലസ്രോതസ്സുകളിലേക്കും കിണറുകളിലേക്കും പ്രവഹിച്ച് പല തരത്തിലുള്ള രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. കൂടാതെ ഇവിടെ പാമ്പുകളും, കുറുക്കനുമടക്കം വന്യജീവികള്‍ വിഹരിക്കുന്ന സ്ഥലമായി മാറിയിരി്കകുകയാണ്. ഇത് കൊച്ചുകുട്ടികളടക്കം സമീപവാസികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയാണ്.

റെയില്‍വെ ലൈനിന് 35 മീറ്റര്‍ അകലെ വീട് നിര്‍മ്മിച്ചാല്‍ പോലും അതിലേക്കുള്ള വഴി റെയിലില്‍ നിന്നാണെങ്കില്‍ വീട്ടുനമ്പര്‍ ലഭിക്കാതെ റേഷന്‍കാര്‍ഡ് മുതല്‍ കറണ്ട് പോലും ലഭ്യമാകാതെ ആളുകള്‍ പ്രയാസപ്പെടുകയുമാണ്. റെയില്‍പാതക്ക് സമാന്തരമായി ആനങ്ങാടി റെയില്‍വെ ഗേറ്റ് മുതല്‍ വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷന്‍ വരെ റെയില്‍പാതക്ക് കിഴക്ക് ഭാഗത്ത് ഒരു വില്ലേജ് റോഡ് നിര്‍മ്മിക്കേണ്ടത് അനിവാര്യമാണ്. ഇതു യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഈ പ്രദേശത്തുള്ള രണ്ട് ഓവുപാലങ്ങള്‍ അടിപ്പാലത്തിന്റെ പൂര്‍ണ്ണസൗകര്യത്തോടുകൂടി എല്ലാ ആളുകള്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്. ഇവയ്ക്ക് അഞ്ച് മീറ്ററില്‍ കൂടുതല്‍ ഉയരവും മൂന്ന് മീറ്ററില്‍ കൂടുതല്‍ വീതിയുമുണ്ട്. ഇതുകൊണ്ടു തന്നെ റെയില്‍വേക്ക് ഒരുവിധ സുരക്ഷാഭീഷണിയോ സാമ്പത്തിക ബാധ്യതയോ ഇല്ല. റെയില്‍വെയുടെ അനുമതി മാത്രം മതിയാകും. ഇതിലേക്ക് അപ്രോച്ച് റോഡുകള്‍ നിലവിലുണ്ട്. ഇത്തരം ഓവുപാലങ്ങള്‍ അടിപ്പാലങ്ങളായി നിരവധി ഭാഗങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലാതെ വള്ളിക്കുന്നില്‍ നിലവില്‍ പണിത അടിപ്പാലം ഉദ്ദേശിച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അതിന്റെ പോരായ്മ ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ മുഴുവനായും പരിഹാരമാകും. അതോടൊപ്പം ഈ പ്രദേശത്തുകാര്‍ ഇന്ന് അനുഭവിക്കുന്ന യാത്രാക്ലേശവും അപകടഭീഷണിയും, ദുരിതജീവിതവും ശാശ്വതമായി പരിഹരിക്കപ്പെടും. കൂടാതെ റെയില്‍വെ സ്റ്റേഷന്റെ വരുമാനവും വന്‍ തോതില്‍ വര്‍ധിക്കും

Related Articles