HIGHLIGHTS : Vacation: Let's keep our kids safe
ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശങ്ങളുമായി ചൈല്‍ഡ് ലൈന്‍
അവധിക്കാലത്ത് ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശങ്ങളുമായി ചൈല്‍ഡ് ലൈന്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ 70 ശതമാനവും സംഭവിക്കുന്നത് അവധിക്കാലത്തായതിനാല്‍ കുട്ടികളുടെ മേല്‍ ശ്രദ്ധ ആവശ്യമാണെന്ന് ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറഞ്ഞു. കുട്ടികളെ ലൈംഗികമായി വേട്ടയാടുന്നവര്‍ക്കായി നിങ്ങളുടെ വീട്ടില്‍ അവസരങ്ങളില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കുട്ടിക്ക് ആ ദിവസത്തെക്കുറിച്ച് മനസ്സ് തുറക്കാന്‍ അവസരം നല്‍കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അത്തരം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ സഹായകരമാകും. കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി സംശയം തോന്നിയാല്‍ മറച്ചുവെക്കാതെ ചൈല്‍ഡ് ലൈന്‍ നമ്പര്‍ ‘1098’ ലോ പോലീസിലോ ഉടന്‍തന്നെ വിവരം അറിയിക്കണമെന്നും ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍:
* കുട്ടികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ ഉള്‍പ്പെട്ടിരിക്കുന്ന / ഇടപെടുന്ന ആളുകളെക്കുറിച്ചും വ്യക്തമായി അറിയുക.
* കുട്ടിയുമായി സമയം ചെലവഴിക്കുന്ന മുതിര്‍ന്നവരുടെ പെരുമാറ്റങ്ങള്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് അവസരങ്ങള്‍ ഒന്നുമില്ലാതെ പണമോ പാരിതോഷികമോ നല്‍കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.
* മുതിര്‍ന്നവരോടും കുടുംബാംഗങ്ങളോട് പോലും അനാവശ്യ ആലിംഗനങ്ങള്‍, ചുംബനം, അല്ലെങ്കില്‍ മറ്റ് അമിത വാത്സല്യ പ്രകടനങ്ങള്‍ എന്നിവയോട് ‘നോ’ എന്ന് പറയുന്നത് ശരി ആണെന്ന് അറിയിക്കുക.
* കുട്ടിയെ വീട്ടില്‍ തനിച്ചാക്കി / മറ്റുള്ളവരെ ഏല്‍പ്പിച്ചു പോകുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
* കഴിയുന്നതും കുട്ടി മുതിര്‍ന്നവരുമായി കൂടുതല്‍ സമയം ഒറ്റക്ക് ഇരിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക.
* സ്വന്തം ശരീരത്തെ പരിപാലിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക.
* സ്വകാര്യ ശരീരഭാഗങ്ങളുടെ കൃത്യമായ പേരുകള്‍, ശരിയായ സ്പര്‍ശനവും ശരിയല്ലാത്ത സ്പര്‍ശനവും തമ്മിലുള്ള വ്യത്യാസവും കുട്ടികളെ പഠിപ്പിക്കുക.
* തങ്ങളുടെ ശരീരം തങ്ങളുടേത് മാത്രമാണെന്നും അനുവാദമില്ലാതെ ശരീരത്തില്‍ തൊടാനോ ഫോട്ടോ എടുക്കാനോ ആര്‍ക്കും അവകാശമില്ലെന്നും ബോധ്യപ്പെടുത്തുക.
* കുട്ടിയുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക.
* ഓണ്‍ലൈനില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നത്, ഫോണിലൂടെയോ ഇന്റര്‍നെറ്റിലൂടെയോ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് തുടങ്ങിയവ ഉള്‍പ്പെടെ ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക.
* ഇന്റര്‍നെറ്റില്‍ പോസ്റ്റുചെയ്ത കാര്യങ്ങള്‍ എളുപ്പത്തില്‍ നീക്കം ചെയ്യപ്പെടില്ലെന്ന് അവരെ ഓര്‍മിപ്പിക്കുക.