ദാരിദ്ര്യത്തില്‍ നിന്ന് വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലെത്തിയ സെല്‍വമാരിക്ക് അഭിനന്ദനവര്‍ഷവുമായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സെല്‍വമാരി എന്ന പെണ്‍കുട്ടിയുടെ ജീവിതം അതിജീവനത്തിന്റെ വിജയഗാഥയാണ്. ഇല്ലായ്മയില്‍ നിന്ന് പഠിച്ചുവളര്‍ന്ന സെല്‍വമാരി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ സര്‍വീസില്‍ പ്രവേശിപ്പിച്ചതിലൂടെയാണ് അധ്യാപികയായത്. വഞ്ചിവയല്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളിലാണ് സെല്‍വമാരി അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്.

സെല്‍വമാരിയെ കുറിച്ച് കേട്ടറിഞ്ഞ പൊതുവിദ്യാഭ്യാസ -തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫോണില്‍ നേരിട്ട് വിളിച്ചു. മന്ത്രിയെ നേരില്‍ കാണാന്‍ സെല്‍വമാരി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന മന്ത്രി വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ സെല്‍വമാരിയെ ഫലകവും പൊന്നാടയും നല്‍കിയാണ് സ്വീകരിച്ചത്. സെല്‍വമാരിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അഭിനന്ദനങ്ങള്‍ നേരിട്ട് അറിയിച്ചു. ജീവിതവിജയത്തിന്റെ അത്യുന്നതിയില്‍ സെല്‍വമാരി എത്തട്ടെ എന്ന് മന്ത്രി ആശംസിച്ചു.

പറക്കമുറ്റാത്ത മൂന്ന് പെണ്‍കുഞ്ഞുങ്ങളെ അമ്മ സെല്‍വം വളര്‍ത്തിയത് ഏലക്കാടുകളില്‍ പണിയെടുത്തുകൊണ്ടാണ്. എങ്കിലും മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ അമ്മ വിട്ടുവീഴ്ച ചെയ്തില്ല. അവധി ദിവസങ്ങളില്‍ അമ്മയ്‌ക്കൊപ്പം സെല്‍വമാരിയും പണിക്കിറങ്ങി. സര്‍ക്കാര്‍ സ്‌കൂളിലാണ് സെല്‍വമാരി പഠിച്ചത്. തമിഴ്‌നാട്ടില്‍ പ്ലസ്ടു പഠനം. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ നിന്ന് ബിരുദമെടുത്തു. യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദാനന്തരബിരുദവും. കുമളി എംജി യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബി എഡ് പൂര്‍ത്തിയാക്കിയ സെല്‍വമാരി തൈക്കാട് ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ നിന്ന് എം എഡും എടുത്തു. എം ഫില്ലില്‍ എ പ്ലസ് ഗ്രേഡോടെ ഒന്നാമതായി.

സഹോദരങ്ങളായ സുകന്യയും സുധയും സെല്‍വമാരിയെ മാതൃകയാക്കി ആയിരുന്നു പഠനം. സുകന്യ എം എസ് സി ബി എഡും സുധ ബി എസ് സി ബി എഡും ആണ്. സെല്‍വമാരിയുടെ ജീവിതകഥ പഠന പാതയിലുള്ള ഏവര്‍ക്കും പ്രചോദനമാകണമെന്ന് മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top