ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍
യുവതിയെയും ആറുവയസ്സുകാരി മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. യുവതിയുടെ പരാതിയില്‍ കൂട്ടബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സ്ഥലത്തിന് സമീപത്തെ സിസിടിവി പരിശോധിച്ച് വരികയാണ്. സോനു എന്നാണ് പ്രതിയുടെ പേരെന്നും, കാറില്‍ എത്രപേര്‍ ഉണ്ടായിരുന്നതായി യുവതിക്ക് ഓര്‍മ്മയിലെന്നും പൊലീസ് സൂപ്രണ്ട് (റൂറല്‍) പ്രമേന്ദ്ര ഡോവല്‍ അറിയിച്ചു. ഇരുവരെയും റൂര്‍ക്കി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വൈദ്യപരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ സോനു എന്നയാളും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ അതിക്രമം നടത്തിയത്. പീഡനം നടത്തിയ ശേഷം, ഇരുവരേയും കനാലില്‍ എറിഞ്ഞ് പ്രതികള്‍ രക്ഷപെട്ടു.
മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ പിരാന്‍ കാളിയാറില്‍ നിന്ന് തന്റെ മകളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. രക്തം വാര്‍ന്ന നിലയില്‍ കനാലില്‍ കിടന്ന യുവതി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.




