ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

HIGHLIGHTS : US President Donald Trump says Israel and Iran have agreed to a ceasefire

ഇസ്രയേലും ഇറാനും സമ്പൂര്‍ണ വെടിനിര്‍ത്തലിന് ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം 24 മണിക്കൂറിനുള്ളില്‍ അവസാനിക്കുമെന്നും ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും ട്രംപ് അറിയിച്ചു.ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ ’12 ദിവസത്തെ യുദ്ധ’മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാല്‍ ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. പിന്നാലെ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്നാണ് നിര്‍ദേശം.

ഇതിനിടെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തങ്ങളുടെ ലക്ഷ്യം ഖത്തറല്ലെന്നും ഖത്തര്‍ സഹോദര തുല്യമായ രാജ്യമാണെന്നുമാണ് ഇറാന്റെ പ്രതികരണം. ആക്രമണം ഖത്തര്‍ ജനതയ്ക്ക് ഭീഷണിയാകില്ലെന്നും ഖത്തറുമായുള്ള ചരിത്രബന്ധം തുടരുമെന്ന് ഇറാന്‍ പ്രതികരിച്ചു.

ഖത്തറിലെ അമേരിക്കന്‍ താവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം നിലച്ചിരുന്നു. ഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമപാത അടച്ചിരുന്നു. ഇറാന്റെ ഖത്തര്‍ ആക്രമണത്തെത്തുടര്‍ന്ന് താറുമാറായ വ്യോമഗതാഗതം പുനരാരംഭിക്കുന്നു. ഇറാന്റെ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം ഖത്തര്‍ വ്യോമപാത തുറന്നു. ഖത്തര്‍ എയര്‍വേസ് ഉള്‍പ്പടെ സര്‍വ്വീസുകള്‍ സാധാരണ നിലയിലായി. കുവൈത്ത് ഉള്‍പ്പടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വ്യോമപാതകള്‍ തുറന്നു. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരം-ദുബൈ എമിറേറ്റ്‌സ് വിമാനവും തിരുവനന്തപുരം-അബുദബി ഇത്തിഹാദും തിരുവനന്തപുരം-ഷാര്‍ജ എയര്‍ അറേബ്യയും പതിവ് സര്‍വീസ് നടത്തി.

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമാതിര്‍ത്തികള്‍ അടക്കുകയും എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ മിഡില്‍ഈസ്റ്റിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയതും ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കേരളത്തിലെ നിരവധി യാത്രക്കാരെയാണ് വലച്ചത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് വിമാന കമ്പനികള്‍ അറിയിക്കുന്നത്.

തുടര്‍ന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഗള്‍ഫിലെ വ്യോമഗതാഗതം നിലച്ച പശ്ചാത്തലത്തില്‍ ഈയടുത്ത് ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന യാത്രക്കാര്‍ അതത് എയര്‍ലൈന്‍ സര്‍വീസുകളുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം വിമാനത്താവളം മുന്നറിയിപ്പ് നല്‍കി.

ഖത്തറിലെ അല്‍-ഉദൈദിലെ യുഎസ് താവളം ലക്ഷ്യമാക്കിയാണ് ഇറാന്റെ മിസൈല്‍ ആക്രമണം നടന്നത്. ആക്രമണം ഖത്തറും സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ ഇടങ്ങളില്‍ തുടരണമെന്നാണ് നിര്‍ദേശം.

ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഖത്തര്‍ അറിയിച്ചു. എന്നാല്‍ നിലവില്‍ പരിഭ്രാന്തിയില്ലെന്നാണ് ഖത്തറിലെ മലയാളികളുടെ പ്രതികരണം. അതേസമയം തങ്ങള്‍ ലക്ഷ്യമിട്ടത് യുഎസ് താവളങ്ങള്‍ മാത്രമാണെന്നും ജനവാസമേഖലയില്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഇറാന്‍ പ്രതികരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!