കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര വിലക്കി അമേരിക്കയും ബ്രിട്ടനും

കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യുഎസ് പൗരന്മാര്‍ക്ക്‌ അമേരിക്കയുടെ മുന്നറിയിപ്പ്. സുരക്ഷാഭീണിയുള്ളതിനാലാണ് അമേരിക്ക യാത്ര വിലക്കിയത്. ബ്രിട്ടണും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിലവിലുള്ളവര്‍ മടങ്ങിപ്പോകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 31നകം വിദേശികള്‍ മടങ്ങിപ്പോകണമെന്നാണ് താലിബാന്റെ അന്ത്യശാസനം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,500 അഫ്ഗാനില്‍ നിന്ന് അമേരിക്കയില്‍ എത്തിച്ചതായി പെന്റഗണ്‍ വെളിപ്പെടുത്തി.

താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത ചൂടും പൊടിയും വകവെക്കാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് കാബൂള്‍ വിമാനത്താവളത്തിലേക്ക് രാജ്യം വിടാനുള്ള വിമാനം തേടി എത്തുന്നത്.

യാത്രാ രേഖകളില്ലാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരെ വഴിയില്‍ തടഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ താലിബാന്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ റണ്‍വേയിലും പരിസരത്തുമായി കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാറ്റോയും താലിബാനും അറിയിക്കുന്നത്.

‘കാബൂള്‍ വിമാനത്താവളത്തിലെ കവാടങ്ങള്‍ക്ക് പുറത്ത് സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍, യുഎസ് സര്‍ക്കാര്‍ പ്രതിനിധികളുടെ വ്യക്തിഗത നിര്‍ദ്ദേശം ലഭിക്കാത്തപക്ഷം വിമാനത്താവളത്തിലേക്ക് യാത്ര ഒഴിവാക്കാന്‍ ഞങ്ങള്‍ യു.എസ്. പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു,’ യു.എസ്. എംബസി വക്താവ് അറിയിച്ചു.

പൗരന്മാര്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നത് ബ്രിട്ടനും വിലക്കിയിട്ടുണ്ട്.

സുരക്ഷാഭീഷണി തള്ളിക്കളയാനാവില്ലെന്നും രാജ്യത്ത് നിന്ന് പോകാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് ഈ ആഴ്ചയോടെ തന്നെ അതിനുള്ള സാഹചര്യം മെച്ചപ്പെടുത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് സംസാരിച്ച ഒരു താലിബാന്‍ പ്രതിനിധി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top