പരപ്പനങ്ങാടി : 1920 ല്‍ പരപ്പനങ്ങാടി ടൗണില്‍ സ്ഥാപിതമായ സര്‍ക്കാര്‍ മാപ്പിള ലോവര്‍ പ്രൈമറി വിദ്യാലയം പരപ്പനങ്ങാടിയിലെ ജനങ്ങള്‍ക്ക് അറിയപ്പെടുന്നത് കെവി സ്‌കൂള്‍ എന്ന പേരിലാണ്. വര്‍ഷങ്ങളോളം ഈ സ്‌കൂളിന്റെ പ്രധാന അധ്യാപകനം, ഈ വിദ്യാലയത്തെ കേവലം മാപ്പിളസ്‌കൂളെന്നതിനുപരി ജനകീയമാക്കിയ കെവിമാസ്റ്ററുടെ പേരിലാണ് ഇന്നും ജനങ്ങള്‍ ഈ സ്‌കൂളിനെ വിളിപ്പേരിടുന്നത്. വൈജ്ഞാനിക സാമൂഹ്യരംഗത്ത് പ്രമുഖരായി തിളങ്ങിയതും, തിളങ്ങുന്നതുമായ നിരവധി പ്രമുഖര്‍ക്ക് ജ്ഞാനത്തിന്റെ അടിത്തറ പാകിയ വിദ്യാലയം കൂടിയാണിത്.
അഞ്ചാംതരം വരെയുള്ള ഈ വിദ്യാലയത്തിന്‍ നിന്നാണ് യശശരീരനായ എന്‍പി മുഹമ്മദ്, സാംസ്‌കാരിക രംഗത്ത് ചെറുകഥാകൃത്ത് റഷീദ് പരപ്പനങ്ങാടി, മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന അവുക്കാദര്‍ കുട്ടി നഹ, വിദ്യഭ്യാസവകുപ്പിന്റെ ചുക്കാന്‍ പിടിക്കുന്ന മകന്‍ അബ്ദുറബ്ബ് തുടങ്ങിയ പ്രമുഖര്‍ അക്ഷരത്തിന്റെ ആദ്യ പാഠം പഠിച്ചത് ഈ വിദ്യാലയത്തിലാണെന്നിരിക്കെ ഇന്നും അപ്പര്‍ പ്രൈമറിയായി അപ് ഗ്രേഡേഷനായി കാത്തിരിക്കുന്ന അവസ്ഥയിലാണ്.
ഇതിനകം ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങിയ ഇവിടെ നിലവില്‍ 258 കുട്ടികളാണ് ഒന്ന് മുതല്‍ അഞ്ചാം തരം വരെ പഠിക്കുന്നത്. കമ്പ്യൂട്ടര്‍ ലാബ്, ഇന്റര്‍നെറ്റ് സൗകര്യം, സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ സംവിധാനങ്ങള്‍, ഔഷധോദ്യാനം, വിദ്യാര്‍ത്ഥി തണല്‍ പാര്‍ക്ക്, അമ്മമാര്‍ക്ക് കൂടി ഉപകാര പ്രദമായ ലൈബ്രറി, തയ്യല്‍ പരിശീലനം, കര്‍ക്കിടകകഞ്ഞി, ഉച്ചകഞ്ഞി, പച്ചക്കറികൃഷി, കരകൗശല പരിശീലനം തുടങ്ങിയ എല്ലാ പദ്ധതികളും ഈ സ്‌കൂളില്‍ അധ്യാപകരും രക്ഷിതാക്കളും പഞ്ചായത്തിന്റെ സഹകരണത്തോടെ വിജയകരമായി നടത്തി വരുന്നുണ്ട്.
കൂടാതെ യുപിയായി ഉയര്‍ത്തിയാല്‍ ക്ലാസ് തുടങ്ങാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ പൂര്‍ത്തികരിച്ച് കാത്തിരിക്കയാണ് അപ് ഗ്രേഡേഷനായി. സര്‍ക്കാര്‍ തീരുമാനം ഉണ്ടാവാതെ ഉയര്‍ത്തല്‍ ഉണ്ടാവില്ല എന്നാണ് അധികാരിയുടെ ഭാഗം.
എല്‍പി വിദ്യാലയങ്ങളുടെ അധികാരം ഗ്രാമപഞ്ചായത്തുകളില്‍ നിക്ഷിപ്തമാണെന്നതിനാല്‍ പഞ്ചായത്തും, രക്ഷിതാക്കളും അധ്യാപകരും ആവുന്നത്ര സമ്മര്‍ദ്ധങ്ങള്‍ ചെലുത്തിയിട്ടും സര്‍ക്കാര്‍ ഈ കാര്യത്തില്‍ അനങ്ങാപാറനയം സ്വീകരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ വിദ്യഭ്യാസം വിദൂര സ്വപ്നമായിരിക്കുകയാണ്. സ്വന്തം നാട്ടിലെ തന്റെ പൂര്‍വ്വ വിദ്യാലയമായ ഈ ഗവ. മാപ്പിള എല്‍പി സ്‌കൂള്‍ യുപിയായി വിദ്യഭ്യാസ മന്ത്രി ഉയര്‍ത്തും എന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.



