ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മനി

മ്യൂണിക്: വിജയത്തിന്റെ പെരുമ്പറ മുഴക്കി ജര്‍മനി വരുന്നു. അലിയാന്‍സ് അരീനയില്‍ മൂന്ന് ദിനം മുമ്പ് തലതാഴ്ത്തി മടങ്ങിയ ജോക്വിം ലോയുടെ കുട്ടികള്‍ പോര്‍ച്ചുഗലിനെ തുരത്തി യൂറോ കപ്പ് ഫുട്ബോളില്‍ ഉജ്വലമായി തിരിച്ചുവന്നു. 4–2ന്റെ ഉശിരന്‍ ജയം.

ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് ഒറ്റഗോളിന് വീണ ജര്‍മനി ആയിരുന്നില്ല പോര്‍ച്ചുഗലിനെതിരെ കണ്ടത്. പിന്നിലായിട്ടും പതറിയില്ല. വീറോടെ നാലടിച്ച് തിരിച്ചുവന്നു.

കയ് ഹവേര്‍ട്സും റോബിന്‍ ഗൊസെന്‍സുമാണ് ജര്‍മനിയുടെ കളി നയിച്ചത്. ഇരുവരും ഗോളടിച്ചു. ജര്‍മനിയുടെ ആദ്യ രണ്ട് ഗോളുകളും പോര്‍ച്ചുഗല്‍ പ്രതിരോധക്കാരായ റൂബെന്‍ ഡയസിന്റെയും റാഫേല്‍ ഗുറെയ്റോയുടെയും പിഴവിലാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ദ്യേഗോ ജോട്ടയുമാണ് പോര്‍ച്ചുഗലിനായി മടക്കിയത്. ജയത്തോടെ മരണഗ്രൂപ്പില്‍ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ വീണ്ടെടുത്തു.

ആവേശപ്പോരില്‍ തുടക്കം മുതല്‍ ജര്‍മനി കത്തിക്കയറി. അഞ്ചാം മിനിറ്റില്‍ ഗോസെന്‍സ് വല കണ്ടെങ്കിലും വാറില്‍ ഓഫ്സൈഡ് തെളിഞ്ഞു. പ്രത്യാക്രമണത്തിലൂടെയായിരുന്നു റൊണാള്‍ഡോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത്. മിന്നല്‍നീക്കത്തില്‍ ജര്‍മന്‍ പ്രതിരോധത്തിന് പിടിവിട്ടു. എന്നാല്‍ ഒറ്റഗോളില്‍ തളര്‍ന്നില്ല അവര്‍. നിരന്തരമായ മുന്നേറ്റത്തില്‍ പോര്‍ച്ചുഗല്‍ പ്രതിരോധം ആടിയുലഞ്ഞു. ഇടതുമൂലയില്‍ കളിച്ച ഹവേര്‍ട്സും ഗൊസെന്‍സും ചേര്‍ന്ന കൂട്ടുകെട്ട് ജര്‍മനിക്ക് മിന്നുംജയം സമ്മാനിച്ചു.

Share news
error: Content is protected !!
Scroll to Top