
പ്രകടന പത്രിക പുറത്തിറക്കി യു.ഡി.എഫ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നല്‍കിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഇന ഗ്യാരണ്ടികള്‍ക്കൊപ്പമാണ് പത്രിക. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 3,000 രൂപയായി ഉയര്‍ത്തല്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ സഹായം എന്നിവയാണ് പ്രകടന പത്രികയില്‍ പ്രധാനമായുള്ളത്. കേരളത്തിലെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി നല്‍കുമെന്നും ചെറുകിട ബിസിനസുകള്‍ക്ക് 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ ലഭിക്കുമെന്നും പ്രകടന പത്രികയില്‍ പറുന്നു.
100 കോടി രൂപയുടെ വിറ്റുവരവുള്ള എംഎസ്എംഇകള്‍ക്ക് സാമ്പത്തിക സഹായം, സംസ്ഥാനത്തെ എയര്‍ലൈന്‍ മേഖലയുടെ വികസനം, ആശ, അംഗന്‍വാടി ജീവനക്കാര്‍ പോലുള്ള സ്‌കീം വര്‍ക്കര്‍മാരുടെ വേതനം പരിഷ്‌ക്കരിക്കല്‍,ഇതിനുപുറമേ ജോലി ഉറപ്പാക്കാന്‍ ജോബ് വാച്ച് ടവര്‍ വയനാട്ടില്‍ ഒരു ട്രൈബല്‍ യൂണിവേഴ്സിറ്റി എന്നിവയും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി യുഡിഎഫിന്റെ മുന്‍കാല പദ്ധതിയായ ‘ആശ്രയ’ പദ്ധതി പരിഷ്‌കരിച്ച് നവ ആശ്രയ പദ്ധതി ആരംഭിക്കുമെന്നും അന്ത്യോദയ – പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്തി ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ പ്രത്യേക കര്‍മ്മ പദ്ധതി, സംസ്ഥാനമെമ്പാടും ഇന്ദിര കാന്റീനുകള്‍, അര്‍ഹരായവര്‍ക്ക് പ്രയോറിറ്റി റേഷന്‍ കാര്‍ഡ്, സൗജന്യ റേഷന്‍ എന്നിങ്ങനെയും പ്രകടന പത്രികയില്‍ വാഗ്ദാനങ്ങളുണ്ട്.




