ഒരുകോടി രൂപയുടെ സ്വര്‍ണവുമായി 2 പേര്‍ കരിപ്പൂരില്‍ പിടിയില്‍

മലപ്പുറം:സ്വര്‍ണവുമായി രണ്ടുയുവാക്കള്‍ കരിപ്പൂരില്‍ പിടിയിലായി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ദുബായില്‍നിന്നും എത്തിയ മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാരില്‍നിന്നുമായി ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 1838 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ വള്ളുവമ്പ്രം സ്വദേശിയായ നൂരേമൂച്ചി മുഹമ്മദ് ഷാഫിയില്‍ (33) നിന്നും ഏകദേശം 70 ലക്ഷം രൂപ വില മതിക്കുന്ന 1260 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂലുകളും ഇന്ന് രാവിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ പാങ് സ്വദേശിയായ ചകിടിപ്പുറം സബീബില്‍ (28) നിന്നും ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന 578 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ രണ്ടു ക്യാപ്‌സൂലുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ശരീരത്തിലുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഇവരെ കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസുകളില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.

അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ എബ്രാഹം കോശി, ടി. എസ്. ബാലകൃഷ്ണന്‍, അനൂപ് പൊന്നാരി, ടി.എന്‍. വിജയ, ഫിലിപ്പ് ജോസഫ്, വിമല്‍കുമാര്‍ ഇന്‍സ്പെക്ടര്‍മാരായ പോരുഷ് റോയല്‍, ദുഷ്യന്ത് കുമാര്‍, ശിവകുമാര്‍, അക്ഷയ് സിങ്, ഹെഡ് ഹവല്‍ദാര്‍ ലില്ലി തോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top